ന്യൂഡൽഹി: ഇന്ത്യ ഉൾപ്പടെ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഇന്‍റർനെറ്റ് ലഭ്യത ഉറപ്പുവരുത്തണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. കൊവിഡ് ആഗോള മഹാമാരിയായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ആരോഗ്യമേഖലയിൽ കടുത്ത വിപത്തുകൾ ക്ഷണിച്ചുവരുത്തും. കൊവിഡ് സ്ഥിരീകരിച്ചവർക്ക് രോഗവുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ലഭ്യമാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇന്‍റർനെറ്റ് ലഭ്യമാക്കുന്നത് വഴി കൃത്യസമയത്ത് ശരിയായ വിവരങ്ങൾ നൽകുന്നതിന് ഡോക്‌ടർമാർക്ക് സാധിക്കുമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.
നിലവിൽ ബംഗ്ലാദേശ്, എത്യോപ്യ, ഇന്ത്യ, മ്യാൻമർ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്‍റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയ അധികൃതർ അവ പിൻവലിക്കണമെന്നും ഇന്‍റർനെറ്റിന്‍റെ വേഗത വർധിപ്പിക്കണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. 2012 മുതലുള്ള കണക്കെടുത്താൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ ഇന്‍റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യം.