ബെംഗളൂരു: കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരിക്കെതിരെ 34 കേസുകളുണ്ടെന്ന് സിറ്റി പൊലീസ്. നിരവധി കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇപ്പോൾ ബെംഗളൂരു പൊലീസിന്‍റെ കസ്റ്റഡിയിലാണ് രവി പൂജാരി. കൊലപാതകം, കൊലപാതക ശ്രമം, കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 15 ദിവസത്തേക്കാണ് ബെംഗളൂരു പൊലീസിന് രവി പൂജാരിയെ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കിയത്. മംഗളൂരു പൊലീസും ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ആലോചിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെയുള്ള കേസുകളില്‍ ഭൂരിഭാഗവും ഭീഷണികോളുകളുമായി ബന്ധപ്പെട്ടതാണ്. ബജ്‌റംഗ്ദൾ പ്രവർത്തകൻ പ്രശാന്ത് പൂജാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2015 ൽ അന്നത്തെ സംസ്ഥാന മന്ത്രിമാരായ ബി രാമനാഥ് റായ്, അഭയചന്ദ്ര ജെയിൻ എന്നിവരെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
2007 നും 2018 നും ഇടയിലാണ് എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകം, വധഭീഷണി, വെടിവെപ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 28 വധഭീഷണികൾ, ഒരു കൊലപാതകം, മൂന്ന് വെടിവെപ്പ്, ഒരു തട്ടിക്കൊണ്ടുപോകൽ, ജയിലിൽ കിടക്കുന്ന കൂട്ടാളികൾക്ക് ധനസഹായം നൽകിയ കേസുകൾ എന്നിവയാണ് സിറ്റി പോലീസ് അന്വേഷിക്കുന്നത്. മിക്ക കേസുകളിലും വിചാരണ നടക്കുകയാണ്. ഒരു കേസിലും ഇതുവരെ കോടതി തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല.
പണം ആവശ്യപ്പെട്ട് ബിസിനസുകാരനെ കൂട്ടാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ കേസുകൾ മൂദ്ബിദ്രി, കാവൂർ, കദ്രി, കോനാജെ, ബാർക്കെ, ഉർവ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കിന്നിഗോളിയിൽ നിന്നുള്ള ഒരു ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയ കേസിൽ 2012 ൽ ഇയാളുടെ ചില കൂട്ടാളികള്‍ പിടിയിലായി. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. ജയിലിൽ ആയിരിക്കുമ്പോൾ അവർക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസും അതേ വർഷം തന്നെ രവി പൂജാരിക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടു. കർണാടക ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൊള്ളയടിക്കൽ, കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലാവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നാണ് മൂന്ന് പതിറ്റാണ്ടോളം നീളുന്ന ഒളിവു ജീവിതത്തിന് ശേഷം അറസ്റ്റിലായത്.