ഹൈദരാബാദ്: സംഗീതം ആസ്വദിക്കാന്‍ ഇഷ്ടമുള്ളവരാണ് ഏറെയും. അത് പഴയകാല പാട്ടുകളോട് ആകുമ്പോൾ മാധുര്യം അൽപം കൂടും. ഇങ്ങനെ സംഗീതത്തോട് ഏറെ അഭിനിവേശമുള്ള വ്യക്തിയാണ് രവി പ്രസാദ് പാഡി. പ്രത്യേകിച്ച് പഴയകാലങ്ങളിലെ പാട്ടുകളോട്. ഇന്ത്യന്‍ റെയില്‍വെയുടെ സെന്‍റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിലെ (സി.ആര്‍.ഐ.എസ്) ജീവനക്കാരനായ അദ്ദേഹം വിരളമായ സംഗീത ശേഖരണത്തിനായി എത്ര വേണമെങ്കിലും കഷ്‌ടപ്പെടാൻ തയ്യാറാണ്. ഇതുവരെ 5,000 കാസറ്റുകളും ഓഡിയോ സിഡികളും 30,000-ത്തിലധികം ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും എല്‍പി റെക്കോര്‍ഡുകളും അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി റെക്കോര്‍ഡുകള്‍ക്ക് പുറമെ ബംഗാളിയിലും തമിഴിലും ഇംഗ്ലീഷിലുമുള്ള ഭക്തി ഗാനങ്ങളുടെയും പ്രസിദ്ധമായ പ്രസംഗങ്ങളുടെയും ഒരു ശേഖരം തന്നെ അദ്ദേഹത്തിന്‍റെ പക്കലുണ്ട്.
മുൻപ് രവി പ്രസാദിന്‍റെ പിതാവ് ശാസ്ത്രീയ സംഗീതം, ഭജൻ, പഴയ സിനിമാഗാനങ്ങള്‍ തുടങ്ങിയവയുടെ കാസറ്റുകൾ വീട്ടിലേക്ക് കൊണ്ട് വരുമായിരുന്നു. ഇങ്ങനെ പാട്ടുകൾ കേട്ട് ക്രമേണ രവിക്ക് സംഗീതത്തോടുള്ള അഭിനിവേശം വളർന്നു. ലോകപ്രശസ്ത സംഗീത സംവിധായകരുടെ യഥാർത്ഥ ശബ്‌ദ ട്രാക്കുകൾ അദ്ദേഹം ശേഖരിക്കാന്‍ തുടങ്ങി. ഗ്രാമഫോൺ റെക്കോർഡുകളെയും പാട്ട് പുസ്തകങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഹിന്ദിയിലും തമിഴിലും മാത്രമേ ലഭ്യമായിട്ടുണ്ടായിരുന്നുള്ളൂ. ഇതിനെ തുടർന്ന് രവി രണ്ട് ഭാഷകളും പഠിച്ചു. സംഗീത സംവിധായകരുടെ പക്കല്‍ പോലും ഇല്ലാത്ത നിരവധി പഴയ റെക്കോര്‍ഡുകള്‍ ഇന്ന് രവിക്ക് സ്വന്തമാണ്.
ആദായനികുതി വകുപ്പിലാണ് രവി പ്രസാദ് തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇതുവരെ 14 സർക്കാർ തസ്‌തികകളിൽ അദ്ദേഹം മാറി മാറി ജോലി ചെയ്തു. അപ്പോഴൊക്കെയും അദ്ദേഹം സംഗീതം ആസ്വദിച്ചു കൊണ്ടേയിരുന്നു. തന്‍റെ വരുമാനത്തിന്‍റെ 60 ശതമാനവും ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും കാസറ്റുകളും വാങ്ങാന്‍ വേണ്ടിയാണ് അദ്ദേഹം വിനിയോഗിക്കുന്നത്. ഒരിക്കൽ ഗുരുതരമായ അപകടത്തില്‍പെട്ട് പരിക്കേറ്റ് മാസങ്ങളോളം കിടപ്പിലായ അദ്ദേഹത്തിന് ഏറെ ആശ്വസമായത് സംഗീതമായിരുന്നു.
സംഗീതത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രണയം കണ്ട് ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിന് എല്‍.പി സെറ്റുകളും ഏറ്റവും പുതിയ റെക്കോര്‍ഡുകളും സമ്മാനിക്കാറുണ്ട്. അപൂർവ്വമായ സംഗീത ശേഖരത്തിനൊപ്പം സ്റ്റാമ്പുകളും നാണയങ്ങളും ശേഖരിക്കുന്നതിൽ തത്‌പരനാണ് അദ്ദേഹം. രക്തസാക്ഷികൾ, സ്വാതന്ത്ര്യ സമര സേനാനികൾ, പ്രസിദ്ധരായ സംഗീതജ്ഞർ എന്നിവർക്ക് ആദര സൂചകമായി പുറത്തിറക്കിയ ആയിരത്തിലധികം സ്റ്റാമ്പുകളുടെ ശേഖരം അദ്ദേഹത്തിന്‍റെ പക്കലുണ്ട്. തന്‍റെ അപൂർവ്വ ശേഖരങ്ങൾക്കൊപ്പമാണ് രവി പ്രസാദ് വാരാന്ത്യങ്ങളും അവധിദിനങ്ങളും ചെലവഴിക്കുന്നത്.