പനാജി: തെഹൽക്ക മാഗസിൻ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുൺ തേജ്പാലിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ വിചാരണ ഒക്ടോബർ 21ലേക്ക് മാറ്റി. ഒക്ടോബർ 21 മുതൽ 23 വരെ ഗോവ മാപുസയിലെ അഡീഷണൽ ജില്ലാ കോടതിയിലും സെഷൻസ് കോടതിയിലും വാദം കേൾക്കും. കേസിലെ വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഓഗസ്റ്റിൽ സുപ്രീം കോടതി ബഞ്ച് ഗോവ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെ സമർപ്പിച്ച എഫ്.ഐ.ആർ റദ്ദാക്കണമെന്ന തേജ്പാലിന്‍റെ അപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
2013 ൽ ഗോവയിലെ ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലിഫ്റ്റിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മുൻ സഹപ്രവർത്തകയുടെ പരാതിയിൽ കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ കോടതി തേജ്പാലിനെതിരെ കുറ്റം ചുമത്തിയിരുന്നു. തനിക്കെതിരായി കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ ഹർജി തള്ളുകയായിരുന്നു.