ന്യൂഡൽഹി: നാടകീയരംഗങ്ങൾക്കിടെ കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്‌ദ വോട്ടിലൂടെയാണ് ബില്ലുകൾ പാസാക്കിയത്. കടലാസ് കീറിയെറിഞ്ഞ് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം വൻ പ്രതിഷേധമുയർത്തി. ഉപാധ്യക്ഷന്‍റെ ഡയസിന് നേരെ ആക്രോശവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങൾ മൈക്ക് തട്ടിമാറ്റാൻ ശ്രമിച്ചു.
വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷി അനുവദിക്കുന്നതിനുമുള്ള ബില്ലാണ് ഇന്ന് പാസായത്. ബില്ലുകൾ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. കര്‍ഷകര്‍ക്കുള്ള മരണവാറന്‍റാണ് ബില്ലെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും പറഞ്ഞു. സെപ്റ്റംബർ 17നാണ് ബില്ലുകൾ ലോക്‌സഭയിൽ പാസ്സാക്കിയത്.