ഗാന്ധിനഗർ: തദ്ദേശീയമായി വികസിപ്പിച്ച വെന്‍റിലേറ്റർ പരീക്ഷണം നടത്തി വിജയിപ്പിച്ച് ഇന്ത്യൻ കമ്പനി. രാജ്‌കോട്ട് ആസ്ഥാനമായുള്ള ജ്യോതി സിഎൻസി എന്ന സ്ഥാപനമാണ് വെന്‍റിലേറ്റർ വികസിപ്പിച്ചെടുത്തത്. 'ദമാൻ 1' എന്ന് പേരിട്ടിരിക്കുന്ന വെന്‍റിലേറ്റർ വെറും പത്ത് ദിവസം കൊണ്ടാണ് വികസിപ്പിച്ചെടുത്തത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വെന്‍റിലേറ്ററിന്‍റെ പ്രവർത്തനം നേരിൽ കണ്ട് വിലയിരുത്തി. 1000 വെന്‍റിലേറ്ററുകൾ ഗുജറാത്ത് സർക്കാരിന് സൗജന്യമായി നൽകാനാണ് കമ്പനിയുടെ തീരുമാനം.
വെന്‍റിലേറ്റർ നിർമിക്കാൻ ഞങ്ങൾ വിദഗ്‌ധരല്ല. എന്നാൽ രാജ്യത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് വെന്‍റിലേറ്ററുകൾ അത്യാവശ്യമാണെന്നും 150 ഓളം എഞ്ചിനീയർമാരാണ് നിർമാണത്തിൽ പങ്ക് വഹിച്ചതെന്നും കമ്പനി എംഡി പരക്രംസിങ് ജഡേജ പറഞ്ഞു. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വെന്‍റിലേറ്റർ നിർമിക്കാനാവശ്യമായ യന്ത്രഭാഗങ്ങൾ ലഭിക്കാൻ കമ്പനിയെ സഹായിച്ചു. ഇന്ത്യയിലുടനീളമുള്ള 26 കമ്പനികളിൽ നിന്നാണ് യന്ത്രഭാഗങ്ങൾ എത്തിച്ചത്. പ്രതിദിനം നൂറ് വെന്‍റിലേറ്ററുകൾ നിർമിക്കാനും പിന്നീട് കൂട്ടാനുമാണ് ലക്ഷ്യമെന്ന് പരക്രംസിങ് ജഡേജ കൂട്ടിച്ചേർത്തു. ഗുജറാത്തിൽ 105 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11 പേരാണ് മരിച്ചത്. 14 പേർക്ക് രോഗം ഭേദമായി.