ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ പരോളിലിറങ്ങി. മകൾ ഹരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ജീവപര്യന്തം തടവുകാരിയായ നളിനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചത്. വെല്ലൂർ ജയിലിൽ പാർപ്പിച്ചിരുന്ന നളിനിക്ക് കർശന വ്യവസ്ഥകളോടെയാണ് മദ്രാസ് ഹൈക്കോടതി പരോൾ അനുവദിച്ചത്. ഇതനുസരിച്ച് നളിനിക്ക് വെല്ലൂർ വിട്ടു പുറത്തുപോകാനോ രാഷ്ട്രീയക്കാരെയും മാധ്യമങ്ങളേയും കാണാനോ സംസാരിക്കാനോ അനുവാദമില്ല.
ആറുമാസത്തെ അവധി ആവശ്യപ്പെട്ട് നളിനി ശ്രീഹരൻ വൈകാരികമായി അപ്പീൽ നൽകിയിരുന്നു. ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. 27 വര്‍ഷമായി തനിക്ക് അത്തരത്തിലുള്ള പരോള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി. രാജീവ് ഗാന്ധി വധക്കേസിൽ തനിക്ക് തെറ്റായി ശിക്ഷ വിധിക്കപ്പെട്ടുവെന്നും നളിനി വാദിച്ചിരുന്നു. 27 വർഷത്തെ ജയിൽ വാസത്തിനിടെ നളിനിക്കു പരോൾ ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2016–ൽ പിതാവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ നളിനിക്ക് 24 മണിക്കൂർ പരോൾ ലഭിച്ചിരുന്നു.