ജയ്‌പൂർ: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സ്‌ത്രീകൾക്ക് നേരെയുള്ള ഗാർഹിക പീഡനം തടയുന്നതിനുള്ള പ്രവർത്തനങ്ങളുമായി രാജസ്ഥാൻ സർക്കാർ. അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് 1090 എന്ന ഹെൽപ് ലൈനിൽ പരാതി നൽകാമെന്നും ഇതുവഴി ലോക്ക് ഡൗണിലും സ്‌ത്രീ സുരക്ഷിതത്വമാണ് സർക്കാർ ലക്ഷ്യം വക്കുന്നതെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ഗാർഹിക പീഡനങ്ങളോ അതിക്രമങ്ങളോ നേരിടുന്ന സ്ത്രീകൾ ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെട്ടാൽ സേവനം ഉറപ്പായി ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
തങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനൊപ്പം ഡോക്ടർമാർ, നഴ്‌സുമാർ, ആശാ പ്രവർത്തകർ, ശുചിത്വ പ്രവർത്തകർ, അധ്യാപകർ, അധികാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങി നിരവധി മേഖലകളിൽ ഈ കൊവിഡ് കാലത്തും സ്‌ത്രീകൾ മികച്ച സംഭാവനകൾ നൽകുന്നുണ്ട്. ഗർഭിണികൾക്കും പ്രസവ ചികിത്സകൾക്കും യാതൊരു ബുദ്ധിമുട്ടും നേരിടാതിരിക്കാനും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ക്രമീകണങ്ങൾ നടത്തിവരുന്നതായി അദ്ദേഹം പറഞ്ഞു.
ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, മാർച്ച് 23 മുതൽ ഈ മാസം 16 വരെ സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളിൽ 587 പരാതികൾ ലഭിച്ചിരുന്നു. ഇതിൽ 239 എണ്ണം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, ഫെബ്രുവരി 27നും മാർച്ച് 22നും ഇടയിൽ വനിതാ കമ്മീഷന് ഗാർഹിക പീഡനത്തിൽ 123 പരാതികളാണ് ലഭിച്ചത്. ലോക്ക് ഡൗണിൽ എല്ലാവരും വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ അക്രമിയും ഇരയും ഒരു വീട്ടിനുള്ളിൽ എത്തിയതാണ് ഗാർഹിക പീഡനകേസുകൾ വർധിക്കാൻ കാരണമെന്നാണ് വനിതാ കമ്മീഷൻ പറയുന്നത്.