ജയ്‌പൂർ: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും വിമത കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റിന്‍റെ പുതിയ രാഷ്ട്രീയ ചുവടുവയ്പ് ഏറെ ചർച്ചയാകുമ്പോൾ ബിജെപിയിലേക്കുള്ള പ്രവേശനം സംഭവിക്കുകയില്ലെന്നാണ് സച്ചിന്‍റെ പ്രഖ്യാപനം. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ രാഷ്ട്രീയ രംഗപ്രവേശം സംബന്ധിച്ച വിവരങ്ങൾ ഇന്ന് നടക്കുന്ന വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. രാജസ്ഥാൻ ഉപമുഖ്യമന്ത്രി, കോൺഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയത്തിന് ശേഷം സച്ചിൻ പൈലറ്റ് ആദ്യമായാണ് മാധ്യമങ്ങളെ കാണുന്നത്.
ജയ്‌പൂരിലെ ഫെയർമോണ്ട് ഹോട്ടലിൽ ചൊവാഴ്ച്ച നടന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിലാണ് സച്ചിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനമായത്. യോഗത്തിൽ 102 എംഎൽഎമാർ സച്ചിനെ നീക്കം ചെയ്യണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടു.
ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ ശ്രമിച്ചുവെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വാദം. കഴിഞ്ഞ ആറുമാസമായി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഗെലോട്ട് പ്രതികരിച്ചു.