ജയ്‌പൂര്‍: രാജസ്ഥാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവയാണ് പതിനായിരത്തിലധികം രോഗികളുള്ള മറ്റ് സംസ്ഥാനങ്ങൾ. രാജസ്ഥാനില്‍ 10,084 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,913 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു. 218 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 7,359 പേര്‍ക്ക് സുഖം പ്രാപിച്ചു. നിലവില്‍ 2,507 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇതുവരെ 4,80,910 സാമ്പിളുകൾ പരിശോധിച്ചു. അതിൽ 5,477 സാമ്പിളുകളുടെ ഫലങ്ങൾ ലഭിക്കാനുണ്ട്. രാജസ്ഥാനിലെ 33 ജില്ലകളിലും കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തലസ്ഥാനമായ ജയ്‌പൂരിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ 2,152 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജോധ്പൂരില്‍ 1,706 പേര്‍ക്കും കൊവിഡ് ബാധിച്ചു.
ഉദയ്‌പൂര്‍-577, പാലി-573,കോട്ട -503, ഭരത്പൂർ -546, അജ്മീർ -362, അൽവാർ -82, ബൻസ്വര -85, ബാരൻ -57, ബർമാർ -105, ഭിൽവാര -163, ബിക്കാനീർ -109, ബുണ്ടി-4, ചിറ്റൂർഗഡ് -188, ചുരു -142, ദൗസ -62, ധോൽപൂർ -65, ദുൻഗർപൂർ -373, ഗംഗനഗർ -7, ഹനുമംഗഡ് -30, ജയ്‌സാൽമർ -74, ജലൂർ -168, ജലാവർ -326, ജുഞ്ജുനു -157, കരൗലി -20, കോട്ട -503, നാഗൗർ -490), പ്രതാപ്ഗഡ് -14, രാജസമന്ദ് -160, സികർ -260, സവായ് മാധോപൂർ -24, സിറോഹി -191, ടോങ്ക്- 169 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കൊവിഡ് ബാധിതരുടെ എണ്ണം.