ന്യൂഡൽഹി: നരേന്ദ്ര മോദി ഇനി അധികാരത്തിൽ എത്താതിരിക്കാൻ എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറെന്ന് തൃണമൂൽ കോൺഗ്രസ്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാൻ പോലും തയ്യാറെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വ്യക്തമാക്കിയിരുന്നു. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകണം എന്ന ആവശ്യമുന്നയിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമാകും പ്രധാനമന്ത്രി സ്ഥാനത്തെകുറിച്ചുള്ള തീരുമാനമെന്ന് പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ധാരണ. മേയ് 21ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് തൃണമൂല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബിഎസ്പി നേതാവ് മായാവതിയുടെ പേരും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
മമത ബാനൽജിയെ കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിയിലേയ്ക്ക് കൊണ്ടുവരാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ശ്രമം വിജയം കണ്ടില്ല. പ്രാദേശിക പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാര്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ കെസിആര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരണമെന്ന കെസിആറിന്റെ പദ്ധതി മമത അംഗീകരിച്ചില്ല. കെ ചന്ദ്രശേഖര്‍ റാവു ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെയും കണ്ട് പിന്തുണ തേടിയിരുന്നു. എന്നാൽ കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് സ്റ്റാലിന്‍ മുന്നോട്ട് വച്ച ആവശ്യം.