ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിനെ ഗുണ്ടാ രാജ് എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാസിയാബാദിൽ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ വിക്രം ജോഷിയുടെ കുടുംബത്തിന് രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചു. അധികാരത്തിൽ വന്നതിനുശേഷം ബിജെപി വാഗ്ദാനം ചെയ്ത അതേ രാമ രാജ്യമാണോ ഇതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
മാധ്യമപ്രവർത്തകരോ നിയമം സംരക്ഷിക്കുന്നവരോ യുപിയിൽ സുരക്ഷിതരല്ല. ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് എങ്ങനെ നീതി പ്രതീക്ഷിക്കാനാകുമെന്ന് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല ട്വീറ്റ് ചെയ്തു.
ഗാസിയാബാദ് സംഭവം സംസ്ഥാനത്താകെ ഞെട്ടലുണ്ടാക്കി. ഇത് ഒരു ദാരുണമായ സംഭവമാണ്. ഉത്തർപ്രദേശിൽ ആരും സുരക്ഷിതരല്ല. കുറ്റവാളികളെ അറിയാമെങ്കിലും സർക്കാർ മൗനം പാലിക്കുകയാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് പ്രസിഡന്‍റ് അജയ് കുമാർ ലല്ലു കൂട്ടിച്ചേർത്തു.രാവിലെ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ, വൈകുന്നേരം മടങ്ങാൻ കഴിയുമോ ഇല്ലയോ എന്ന സംശയമാണ് സംസ്ഥാനത്തെ ജനങ്ങൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.