ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അതേസമയം തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജിവച്ചെന്ന തരത്തിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. രാഹുല്‍ രാജിവക്കേണ്ടതില്ലെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും സ്വീകരിച്ചത്.
'ചൗക്കീദാർ ചോർ ഹെ' എന്ന മുദ്രാവാക്യം മുഴക്കി ബിജെപിക്കെതിരെ വ്യാപക പ്രചാരണം നടത്തിയിട്ടും 2014 ല്‍ നിന്നു വിരലിലെണ്ണാവുന്ന സീറ്റുകളുടെ മാത്രം വര്‍ധന നേടാനായതിന്‍റെ ആഘാതത്തിലാണ് കോൺഗ്രസ്. രാജസ്ഥാനിലും മധ്യപ്രദേശിലും നേടിയ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ലോക്സഭയിൽ ആവർത്തിക്കാതെ പോയതും കോൺഗ്രസിന് തിരിച്ചടിയായി. ദേശീയ രാഷ്ട്രീയത്തിലേക്കുളള പ്രിയങ്ക ഗാന്ധിയുടെ കടന്നു വരവും കോൺഗ്രസിന് തുണയായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തെ അതിജീവിക്കാനുളള പ്രയത്നത്തിലാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം. അതിനാൽ തന്നെ കൂടുതൽ വർക്കിങ് പ്രസിഡന്‍റുമാരെ നിയോഗിച്ച് ദേശീയ തലത്തിൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്ന ആവശ്യവും പാർട്ടി പരിഗണിച്ചേക്കും.