റാഫേൽ പുനപരിശോധനാ ഹർജിയിൽ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്ന കേന്ദ്ര സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. മറുപടി നൽകാൻ നാലാഴ്ച വേണമെന്ന അറ്റോർണി ജനറൽ വേണുഗോപാലിന്‍റെ ആവശ്യം തള്ളിയ കോടതി നാലു ദിവസം നൽകാമെന്ന് മറുപടി പറഞ്ഞു. മെയ് നാലിന് സത്യവാങ്മൂലം നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചു. കേസ് മെയ് ആറിന് വീണ്ടും പരിഗണിക്കും.
റാഫേലിൽ നേരത്തെ പുറത്തു വന്ന രേഖകൾ പുനപരിശോധനാ ഹർജികൾക്കൊപ്പം പരിശോധിക്കരുതെന്ന സർക്കാർ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ് പുറത്തു വന്ന രേഖകളെന്ന് കോടതിയിൽ സർക്കാർ പറഞ്ഞിരുന്നു. റാഫേലിൽ കേസ് കൊടുത്ത യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എന്നിവരാണ് പുനപരിശോധനാ ഹർജി നൽകിയത്. പ്രധാനമന്ത്രിക്ക് ക്ലിൻ ചിറ്റ് നൽകി തുടരന്വേഷണം വേണ്ടെന്ന കോടതി വിധിയെ തുടർന്നാണ് പുനപരിശോധനാ ഹർജി നൽകിയത്.