ന്യൂഡൽഹി: തന്‍റെ ഐഡന്‍റിറ്റി (അസ്ഥിത്വം) എന്ന 2018ലെ പുസ്തകത്തില്‍ ഫ്രാന്‍സിസ് ഫകുയാമ വാദിച്ചത് കുടിയേറ്റം വലിയ തോതില്‍ വര്‍ഗ, വംശീയ തലങ്ങളില്‍ സ്ഥാന ഭ്രംശങ്ങള്‍ വരുത്തി എന്നതാണ് അമേരിക്കക്കാര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുവാനുണ്ടായ മുഖ്യ കാരണം'' എന്നായിരുന്നു. അതിനായി അദ്ദേഹം രാഷ്ട്രീയ ശാസ്ത്രജ്ഞരായ അജ്‌നാല്‍, അബ്രജാനോ എന്നിവരുടെ സ്ഥിതി വിവര കണക്കുകള്‍ ചൂണ്ടി കാട്ടുകയും ചെയ്യുന്നു.
“1960കളിലെ പൗരാവകാശ പ്രസ്ഥാനത്തെ തുടര്‍ന്ന് ആഫ്രിക്കന്‍-അമേരിക്കക്കാര്‍ വന്‍ തോതില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്നതാണ് ദക്ഷിണ അമേരിക്കയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈകളിലെത്തിക്കുവാനുള്ള മുഖ്യ കാരണമായി വര്‍ത്തിച്ചത്. ഇന്ന് കുടിയേറ്റം അതേ പോലുള്ള മറ്റൊരു പങ്ക് വഹിക്കുന്നു. മെക്‌സിക്കന്‍ വംശജരും, മുസ്ലീങ്ങളും അടങ്ങുന്ന കുടിയേറ്റക്കാരോടുള്ള എതിര്‍പ്പ് ഡൊണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുഖ്യ വിഷയമായി മാറുകയും അതുവഴി അദ്ദേഹം പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആണ് ഉണ്ടായത്.'' തന്‍റെ പുസ്തകത്തിന്‍റെ 132ആം പേജില്‍ ഫകുയാമ എഴുതുന്നു.
ഇന്നിപ്പോള്‍ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുവാന്‍ ട്രംപ് ആഗ്രഹിക്കുമ്പോള്‍ കുടിയേറ്റവും വംശീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഒരുപോലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ മുഖ്യ ഭാഗമായി മാറുന്നു. റിപ്പബ്ലിക്കന്‍ നേഷന്‍ കണ്‍വെന്‍ഷന്‍റെ ആദ്യ രാത്രിയില്‍ തന്നെ ഐക്യരാഷ്ട്ര സഭയിലെ മുന്‍ യു എസ് അംബാസിഡറും സൗത്ത് കരോലിനയുടെ മുന്‍ ഗവര്‍ണറുമായ നികി ഹാലി വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായ കമല ഹാരിസിനെ നേരിടുകയാണ്. ഹാലിയും ഹാരിസും ഒരുപോലെ കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ചവരും ഇന്ത്യന്‍ പാരമ്പര്യമുള്ളവരുമാണ്. “ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭൂരിഭാഗവും ഇപ്പോള്‍ അമേരിക്ക വംശീയ വിദ്വേഷമുള്ള നാടാണെന്ന് പറയുന്നത് ഒരു ഫാഷന്‍ ആക്കി മാറ്റിയിരിക്കുകയാണ്. അത് വലിയൊരു നുണയാണ്. അമേരിക്ക വംശീയ വിദ്വേഷമുള്ള നാടല്ല. എന്നെ സംബന്ധിച്ചിടത്തോളം അത് വ്യക്തിപരമായ കാര്യമാണ്. ഇന്ത്യന്‍ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ അഭിമാനിയായ മകളാണ് ഞാന്‍,'' തന്‍റെ പിതാവ് ഒരു തലപ്പാവ് ധരിക്കുന്നു എന്നും അമ്മ സാരി ഉടുക്കുന്നു എന്നും പ്രതിനിധികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഹാലി പറഞ്ഞു. “പുരോഗതിയിലേക്ക് എന്നും മുന്നേറി കൊണ്ടിരിക്കുന്ന ഒരു കഥയാണ് അമേരിക്ക. ആ പുരോഗതിക്ക് മുകളില്‍ കെട്ടി പടുക്കുവാന്‍ നമുക്ക് സമയമായിരിക്കുന്നു. അതിലൂടെ എല്ലാവര്‍ക്കും അമേരിക്കയെ കൂടുതല്‍ സ്വതന്ത്രവും സുതാര്യവും മെച്ചപ്പെട്ടതുമായ അനുഭവം ഉള്ളതാക്കി മാറ്റണം. അതുകൊണ്ടാണ് കലാപങ്ങള്‍ക്കും പീഢനങ്ങള്‍ക്കും നേരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്ണടച്ചു കാട്ടുന്ന ദുരന്ത ജനകമായ സ്ഥിതി വിശേഷം ഇവിടെ കാണാന്‍ തുടങ്ങിയിരിക്കുന്നത്,'' ഹാലി കൂട്ടിച്ചേര്‍ത്തു.
അപ്പോള്‍ അമേരിക്ക വംശീയ വിദ്വേഷമുള്ള രാജ്യമാണോ? 2020-ല്‍ വ്യവസ്ഥാപിതമായ വംശീയതയാണോ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ നയിക്കുന്നത്? യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ രണ്ട് പ്രമുഖ പാനലിസ്റ്റുകളുമായി തന്‍റെ #ബാറ്റില്‍ഗ്രൗണ്ട് യുഎസ്എ 2020 എന്ന ചര്‍ച്ചയുടെ രണ്ടാം ഭാഗത്ത് മുതിര്‍ന്ന പത്രപ്രവര്‍ത്തക സ്മിതാ ശര്‍മ്മ വംശീയതയെ കുറിച്ച് സംസാരിക്കുന്നു. സോഷ്യോളജി പ്രൊഫസറും വിദ്വേഷ കുറ്റകൃത്യ ഗവേഷകയും നോവലിസ്റ്റുമായ ഡോക്ടര്‍ റാന്‍ഡാള്‍ ബ്ലാസക് പറയുന്നത് വംശീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യു എസ്സില്‍ ഒരു ദേശീയ കണക്കു കൂട്ടല്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ്. “അമേരിക്കയിലെ വംശീയതയെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വളരെ മോശപ്പെട്ട കാര്യങ്ങളാണ് നമ്മള്‍ ഇവിടെ ഇതുവരെ ചെയ്തിട്ടുള്ളത്. സ്ഥാപന വല്‍കൃതമായ വംശീയത സംബന്ധിച്ച് ഒരു അഭിപ്രായ സമന്വയം നൂറു കണക്കിനു വര്‍ഷങ്ങളായിട്ടും ഉണ്ടായിട്ടില്ല. അതിനാല്‍ 2020ല്‍ ചര്‍ച്ചകള്‍ അതിലേക്ക് വഴി മാറിയിരിക്കുന്നു. ഒരുപക്ഷെ മഹാമാരിയും അതിലൊരു പങ്ക് വഹിച്ചിട്ടുണ്ടാകാം. എന്നിരുന്നാലും വംശീയതയെ കുറിച്ചുള്ള മുന്നണികളില്‍ തന്നെ ഉള്ള ചര്‍ച്ചകള്‍ ഒടുവില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, വംശീയതയെ യഥാര്‍ത്ഥത്തില്‍ നമ്മള്‍ എങ്ങിനെയാണ് നേരിട്ടത് എന്ന് ഒരു രൂപം ഉണ്ടാക്കി എടുക്കുന്ന തരത്തില്‍ വെള്ളക്കാര്‍ തന്നെ അതേ കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു,'' വെള്ളക്കാര്‍ക്ക് മേധാവിത്വമുള്ള ചരിത്ര പശ്ചാത്തലമുള്ള ഒറിഗോണിലെ പോര്‍ട്ട്ലാന്‍റിലിരുന്നു കൊണ്ട് ഡോക്ടര്‍ ബ്ലസാക് പറഞ്ഞു.
അമേരിക്ക വംശീയ രാഷ്ട്രമല്ല എന്ന് നികി ഹാലി ഒരു വശത്ത് വാദിച്ച് കൊണ്ടിരിക്കവെ, വിസ്‌കോന്‍സിന്നിലെ കെനോഷയില്‍ തെരുവുകളില്‍ നടക്കുന്ന തീവെയ്പ്പും കലാപവുമെല്ലാം നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതിനായി ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ തെരുവുകളില്‍ റോന്ത് ചുറ്റുകയായിരുന്നു. തന്‍റെ മൂന്ന് കൊച്ചു മക്കള്‍ക്ക് മുന്‍പില്‍ വെച്ച് ജേക്കബ് ബ്ലേക് എന്ന 29 വയസ്സുകാരനായ് കറുത്ത വര്‍ഗ്ഗക്കാരനെ വെള്ളക്കാരനായ ഒരു പൊലീസുകാരന്‍ വെടി വെച്ചതാണ് ഇത്തവണ അസ്വസ്ഥതകള്‍ പൊട്ടി പുറപ്പെടുവാന്‍ കാരണമായത്. വെള്ളക്കാരനായ ഈ പൊലീസുകാരനെ പിന്നീട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് വിട്ടയയ്ക്കുകയായിരുന്നു. ബ്ലേക് വെടിവെയ്പ്പില്‍ നിന്ന് രക്ഷപ്പെട്ടു എങ്കിലും, ആ സംഭവം മൂന്ന് മാസം മുന്‍പ് മിന്നാപോളിസില്‍ വെള്ളക്കാരനായ ഒരു പൊലീസ് ഓഫീസര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വര്‍ഗ്ഗക്കാരന്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് ദേശ വ്യാപകമായി പൊട്ടി പുറപ്പെട്ട #ബ്ലാക് ലൈവ്‌സ്മാറ്റര്‍ എന്ന പേരുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഒന്നുകൂടി ആക്കം കൂട്ടുകയായിരുന്നു.
വംശീയ പ്രശ്‌നങ്ങളും, കറുത്ത വര്‍ഗ്ഗക്കാരെ കൊല്ലുന്ന സംഭവങ്ങളും എല്ലാം രാഷ്ട്രീയ ചര്‍ച്ചകളുടേയും പ്രചാരണങ്ങളുടെയും ഭാഗമായി മുന്‍ കാല തെരഞ്ഞെടുപ്പ് വേളകളിലും മാറിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷെ ഇത്തവണ വ്യവസ്ഥാപിതമായ വംശീയതയെ കുറിച്ചുള്ള ഒരു ദേശീയ ചര്‍ച്ചയാണ് നടന്നു വരുന്നത് എന്ന് വാദിക്കുകയാണ് റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് ദി വിത്സണ്‍ സെന്‍ററിലെ സീനിയര്‍ റിസര്‍ച്ച് ഫെലോയായ ഫറാനാസ് ഇസ്പഹാനി. വാഷിംഗ്ടണ്‍ ഡി സി യില്‍ നിന്നും ഈ സംഭാഷണത്തില്‍ പങ്കെടുത്തു കൊണ്ട് ഇസ്പഹാനി പറഞ്ഞു, “പിറകോട്ടുള്ള യാത്രയുടെ ഭാഗമായുള്ള വംശീയതയെ കുറിച്ചാണ് നമ്മളിപ്പോള്‍ സംസാരിക്കുന്നത്. ഭരണഘടനയായാലും, അടിമത്വമായാലും അല്ലെങ്കില്‍ പൗരാവകാശ പ്രസ്ഥാനമോ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങോ ആയാലും അതാണ് സംഭവിക്കുന്നത്. വംശീയതയെ കുറിച്ച് നമ്മള്‍ അമേരിക്കയില്‍ ഒരിക്കലും സംസാരിച്ചിട്ടില്ല എന്നല്ല പറയുന്നത്. മറിച്ച്, അതേ കുറിച്ച് നമ്മള്‍ ഗൗരവത്തോടു കൂടി സംസാരിച്ചിട്ടില്ല. പൊലീസ് ഇതിനു മുന്‍പും നിരവധി പേരെ വെടി വെച്ചിട്ടില്ല എന്നൊന്നും നമ്മള്‍ പറയുന്നില്ല. മുന്‍പും അത് ഉണ്ടായിട്ടുണ്ട്. പക്ഷെ വ്യവസ്ഥാപിതമായ വംശീയതയാണ് ഇതാദ്യമായി ചര്‍ച്ചകള്‍ക്ക് വിഷയമായിരിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തിന്‍റെ അവിഭാജ്യമായ ഭാഗം തന്നെയായിരുന്നു അതെല്ലാം. അമേരിക്കയുടെ ഭൂപ്രകൃതിയുടേയും, അമേരിക്ക ഇന്ന് എന്താണോ അതിന്‍റെയും, അമേരിക്ക എക്കാലത്തും എന്തായിരിക്കുമോ അതിന്‍റെയും ഭാഗമാണ് അവയെല്ലാം. അതാണ് വ്യത്യസ്തമായ കാര്യം എന്ന് ഞാന്‍ കരുതുന്നു,'' ഇസ്പഹാനി പറഞ്ഞു. “ഇതാദ്യമായി അമേരിക്കയിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി (ഡമോക്രാറ്റുകള്‍) വ്യവസ്ഥാപിതമായ വംശീയതയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ ഇന്ന് നിങ്ങള്‍ക്ക് നിഷേധിക്കുവാനോ അല്ലെങ്കില്‍ സ്വീകരിക്കുവാനോ പറ്റുന്ന ഒരു കാര്യമാണ് ഇത്. പക്ഷെ രാഷ്ട്രീയ വൃത്തങ്ങളിലൂടെയും രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളിലൂടെയും അമേരിക്കന്‍ ജനങ്ങളിലൂടെ തന്നെയും അത് അമേരിക്കയില്‍ ഉടനീളം പടര്‍ന്നു കഴിഞ്ഞു. അതേ കുറിച്ച് ജനങ്ങള്‍ക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ട്. ഒരു ഭാഗത്ത് അല്ലെങ്കില്‍ മറു ഭാഗത്ത് നില്‍ക്കുവാന്‍ അവര്‍ തുറന്നു തന്നെ തയ്യാറാകുന്നു. മാത്രമല്ല, അവര്‍ക്കത് കൈകാര്യം ചെയ്തേ മതിയാകൂ,'' ഇസ്പഹാനി വീണ്ടും കൂട്ടി ചേര്‍ത്തു.
എന്നാല്‍ ഡമോക്രാറ്റുകളെ തീവ്ര ഇടതുപക്ഷക്കാരായും മൗലിക വാദികളായും കറുത്ത വര്‍ഗ്ഗക്കാരായ ആക്റ്റിവിസ്റ്റുകളായും, കൂട്ടക്കൊല നടത്തുന്ന കലാപക്കാരായ ജനക്കൂട്ടമായും ഒക്കെ മുദ്ര കുത്തിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തങ്ങളുടെ പ്രചാരണങ്ങളില്‍ അവരെ ലക്ഷ്യമിടുന്നത്. അതിനാല്‍ വ്യവസ്ഥാപിത വംശീയതയെ കുറിച്ചുള്ള ദേശീയ ചര്‍ച്ചകള്‍ അമേരിക്കയെ വീണ്ടും കൂടുതല്‍ ധ്രുവീകരിക്കുമോ എന്ന് സ്മിതാ ശര്‍മ്മ ചര്‍ച്ചയില്‍ ചോദിച്ചു. ബിഡന്‍-ഹാരിസ് സംഘം ട്രമ്പ്-പെന്‍സ് സഖ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ വംശീയത എന്ന പ്രശ്‌നത്തെ കൂടുതല്‍ ഉത്തരവാദിത്തത്തോടു കൂടി സമീപിക്കുവാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച് കാര്യമായ വ്യത്യാസങ്ങള്‍ എന്തെങ്കിലും ഉണ്ടോ?
“ഈ ആഴ്ച റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ നമ്മള്‍ കണ്ടത് ശരിക്കും നേതാക്കള്‍ ഇരു തട്ടിലായി മാറിയ ചിത്രമാണ്. ഭയത്തിന്‍റെ ഒരു വിഭാഗം ഉണ്ടെങ്കില്‍ മറുവശത്ത് പ്രതിഫലനത്തിന്‍റെ ഒരു ഭാഗത്തെയാണ് കണ്ടത്. അമേരിക്ക മാറി കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ്. നമ്മള്‍ കൂടുതല്‍ കൂടുതല്‍ തവിട്ട് നിറമുള്ള രാജ്യമായി മാറി കൊണ്ടിരിക്കുന്നു. അങ്ങിനെ സംഭവിക്കുന്നത് ആരും ഇവിടെ തടുക്കാന്‍ പോകുന്നില്ല. അതിനാല്‍ അതിനെതിരെയുള്ള നീക്കങ്ങളില്‍ നമ്മള്‍ ഉള്‍പ്പെടാനും പോകുന്നില്ല. 'നഗര പ്രാന്തങ്ങളിലെ വീട്ടമ്മമാര്‍ എനിക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്. കാരണം ഞാന്‍ അക്കൂട്ടരെ അവരുടെ പരിസരങ്ങളില്‍ നിന്നും തുരത്തുവാന്‍ പോവുകയാണ്' എന്ന പ്രസിഡന്‍റിന്‍റെ ട്വീറ്റ് 1950-കളില്‍ നിന്നുള്ള പ്രതിധ്വനിയായി. അതിനാല്‍ വെറും നയത്തില്‍ മാത്രമല്ല, യഥാര്‍ത്ഥ മാറ്റമുള്ളത്. നിലവില്‍ നമ്മള്‍ നമ്മളെ കുറിച്ച് തന്നെ ചിന്തിക്കുന്ന കാര്യത്തിലും ഉണ്ടായിരിക്കുന്നു,'' ഡോക്ടര്‍ ബ്ലസാക് പറഞ്ഞു.
വംശീയ നീതി രാഹിത്യ പ്രശ്‌നങ്ങളുടെ പേരില്‍ അമേരിക്കയുടെ പഴയതും പുതിയതുമായ തലമുറകള്‍ രണ്ടു തട്ടിലാണോ എന്ന് ചോദിച്ചപ്പോല്‍ ഡോക്ടര്‍ ബ്ലസാക് ഇങ്ങനെ മറുപടി പറഞ്ഞു, '”തലമുറകള്‍ തമ്മിലുള്ള വ്യത്യാസം ശരിക്കും ഞങ്ങള്‍ കണ്ടു വരുന്നുണ്ട്. 2050 ആകുമ്പോഴേക്കും അമേരിക്കയില്‍ വെള്ളക്കാര്‍ വെള്ളക്കാരല്ലാത്തവരേക്കാള്‍ കുറവായി മാറും എന്നാണ് യു എസ് സെന്‍സസ് ബ്യൂറോ പ്രവചിച്ചിരിക്കുന്നത്. അതിനാല്‍ ഇതൊരു ഭൂരിപക്ഷം ന്യൂനപക്ഷമായി മാറുന്ന രാജ്യമായി മാറും. യുവാക്കള്‍ അടക്കം നിരവധി ആളുകള്‍ അതിനെ ആവേശത്തിന്‍റെ ഒരു സ്രോതസ്സായി കാണുന്നവരായിട്ടുണ്ട്. അതേ സമയം തന്നെ ചില പഴയ കാല വെള്ളക്കാര്‍ അതിനെ ഭീകരതയുടെ സ്രോതസ്സായി കാണുന്നുമുണ്ട്. 1776ല്‍ തങ്ങള്‍ സൃഷ്ടിച്ചു എന്ന് അവര്‍ വിശ്വസിക്കുന്ന അവരുടെ രാജ്യം അവരില്‍ നിന്നും എങ്ങിനെയൊക്കെയോ തട്ടിയെടുക്കപ്പെട്ടു എന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. വലിയ ഒരു മതില്‍ കെട്ടി പടുക്കുവാനും കുടിയേറ്റ നിരോധനങ്ങള്‍ സൃഷ്ടിക്കുവാനും അവര്‍ ഒരു പ്രതിരോധ സ്ഥാനം തീര്‍ത്ത് നില്‍ക്കുകയാണ്. അവര്‍ ഒരു കാലത്ത് പൂര്‍ണമായും വെള്ളക്കാരായ പുരുഷന്മാരുടെ രാജ്യമെന്ന സാങ്കല്‍പ്പിക ഭൂതകാലത്തിലേക്ക് തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്നവരായിട്ടുള്ളവരാണ്. ഭിന്ന ലിംഗക്കാരോ കുടിയേറ്റക്കാരോ മുസ്ലീങ്ങളോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗം ജനങ്ങളോ വെള്ളക്കാരുടെ ഭൂരിപക്ഷത്തെ ഒരിക്കലും വെല്ലുവിളിക്കുന്നത് കാണാത്ത ആ കാലഘട്ടത്തിലേക്ക് മടങ്ങാനാണ് അവരുടെ ആഗ്രഹം.''
“35 വര്‍ഷം മുന്‍പ് ഞാന്‍ വന്നെത്തിയ അമേരിക്ക തീര്‍ത്തും വ്യത്യസ്തമായ അമേരിക്കയായിരുന്നു. അന്ന് എനിക്ക് 18 വയസ്സാണ് പ്രായം. കുടിയേറ്റക്കാരെ ഇരു കൈയ്യും നീട്ടി അവര്‍ സ്വീകരിച്ചു. എന്നാല്‍ അന്ന് ഇവിടെ എത്തിയ ഞങ്ങളില്‍ ഭൂരിപക്ഷവും പഠിക്കുവാന്‍ വേണ്ടി വന്നവരോ അല്ലെങ്കില്‍ വിദ്യാസമ്പന്നരായ കുടുംബങ്ങളില്‍ നിന്ന് വന്നെത്തിയവരോ ആയിരുന്നു. അതിനാല്‍ കുടിയേറ്റത്തിന്‍റെ രീതി മാറുകയും അവരെ സ്വീകരിക്കുന്ന രീതിയും അതിനനുസരിച്ച് തന്നെ മാറുകയും ചെയ്തു. പക്ഷെ തലമുറകളുടെ കാഴ്ചപാടുകളിലുടെ നിങ്ങള്‍ കാണുന്നത് രൂക്ഷമായ കാര്യങ്ങളാണ്. തങ്ങളുടെ ജീവിതവും, തങ്ങളുടെ ദൈവത്തേയും, തങ്ങളുടെ പള്ളികളും, ഭൂമിയും, ആയുധം കൊണ്ടു നടക്കാനുള്ള തങ്ങളുടെ അവകാശവും നഷ്ടപ്പെടുവാന്‍ പോകുന്നു എന്ന ഭീതിയിലാണ് പഴയ തലമുറയിലെ ആളുകള്‍. ഇങ്ങനെ മാറി കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. അത്തരത്തിലുള്ള ധാരാളം പേര്‍ ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തു. അതിനാല്‍ ആ വോട്ടുകളെ ട്രംപിനുള്ള അനുകൂല വോട്ടുകളായി കാണാന്‍ കഴിയുകയില്ല,'' പാകിസ്ഥാനില്‍ വേരുകളുള്ള ഒരു കുടിയേറ്റക്കാരി എന്ന നിലയില്‍ തന്‍റെ തന്നെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു കൊണ്ട് ഫറാനാസ് ഇസ്പഹാനി പറഞ്ഞു.