നിശബ്ദ കൊലയാളിയാണ് ക്ഷയരോഗം. ലോകമെമ്പാടുമുള്ള ക്ഷയരോഗ മരണങ്ങളിൽ മൂന്നിലൊന്ന് ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം മാത്രം 15 ലക്ഷത്തോളം പേർ ക്ഷയരോഗം ബാധിച്ച് മരിച്ചു. എല്ലാ വർഷവും ശരാശരി 27 ലക്ഷം ടി.ബി കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം വരും വർഷങ്ങളിലും ടി.ബി മരണങ്ങളുടെ മുൻനിരക്കാരനായി ഇന്ത്യയുടെ സ്ഥാനം മാറ്റമില്ലാതെ തുടരും.
ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയിലെ ടി.ബി മരണനിരക്ക് ഒൻപത് ശതമാനമാണ് . ഇന്തോനേഷ്യയില്‍ എട്ട് ശതമാനവും ഫിലിപ്പീൻസില്‍ ആറ് ശതമാനവുമാണ് മരണനിരക്ക്. അടുത്തിടെ പുറത്തിറങ്ങിയ ടിബി ഇന്ത്യ റിപ്പോർട്ട് 2019 പ്രകാരം ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ദില്ലി, തമിഴ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗത്തിന്‍റെ തീവ്രത കൂടുതലാണ്. കഴിഞ്ഞ വർഷം തെലങ്കാനയിൽ 52,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ആന്ധ്രാപ്രദേശ് യഥാർത്ഥ കണക്കുകൾ വെളിപ്പെടുത്താൻ തയ്യാറായില്ല. എന്നാല്‍ തെലുങ്ക് സംസ്ഥാനങ്ങളിലെ അവസ്ഥ ഭയാനകമാണ്. ക്ഷയരോഗം കണ്ടെത്തുന്നതിനും തടയുന്നതിനും മതിയായ ഫണ്ടുകളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന പരസ്യ അവകാശപ്പെടലുകൾ നടക്കുന്നുണ്ടെങ്കിലും രോഗം ഒരു കാട്ടുതീ പോലെ പടരുന്നു എന്നതാണ് വാസ്തവം.
പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ശരിയായ ചികിത്സ നൽകുകയാണെങ്കിൽ ടി.ബി ഭേദമാക്കാൻ സാധ്യമാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം ക്ഷയരോഗം ബാധിച്ച മൂന്ന് പേരിൽ ഒരാൾ മാത്രമാണ് ചികിത്സ തേടുന്നത്. ടി.ബി മരുന്നുകളുടെ അഭാവവും വെല്ലുവിളിയാകുന്നു. അവികസിത രാജ്യങ്ങളിലെ 80 ശതമാനം രോഗികളും അവരുടെ വരുമാനത്തിന്‍റെ അഞ്ചിലൊന്ന് മാത്രമാണ് വൈദ്യചികിത്സക്കായി ചെലവഴിക്കുന്നത്.
ഒരുവശത്ത് ടിബി രോഗികളിൽ 74 ശതമാനം പേരും ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നും അവരിൽ 81 ശതമാനവും സുഖം പ്രാപിക്കുന്നുവെന്നും ദേശീയ റിപ്പോർട്ടുകൾ പറയുന്നു.എന്നാല്‍ മറുവശത്ത് എല്ലാ വർഷവും രോഗ ബാധിതരായി ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നു. ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി 1962ലാണ് ആരംഭിച്ചത്. ഇന്ത്യയിൽ ക്ഷയരോഗം ഇല്ലാതാക്കുന്നതിനായി പദ്ധതി നിരവധി തവണ പരിഷ്കരിച്ചു. 2030 ഓടെ ഭൂമിയിൽ നിന്ന് ക്ഷയരോഗം തുടച്ചുനീക്കാനാണ് ലോകാരോഗ്യസംഘടന പദ്ധതിയിടുന്നത് . മതിയായ ഫണ്ട് അനുവദിക്കുകയും അവ ശരിയായി ഉപയോഗിക്കുകയും ചെയ്താല്‍ 2045 ഓടെ ക്ഷയരോഗം ഉൻമൂലനം ചെയ്യാൻ കഴിയുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധ സമിതി അഭിപ്രായപ്പെടുന്നു. പ്രത്യേക നടപടികളിലൂടെ രോഗം ഇല്ലാതാക്കാൻ ഇന്ത്യൻ സർക്കാർ പ്രയത്നിക്കുന്നുണ്ട്.
ക്ഷയരോഗം പോലുള്ള അതിവേഗം പടരുന്ന രോഗത്തെ പ്രതിരോധിക്കാൻ സർക്കാർ 4,000 കോടി രൂപ അനുവദിച്ചിരുന്നു. സൗജന്യ മരുന്നുകളുടെ വിതരണം, സാമൂഹിക പ്രോത്സാഹനങ്ങൾ, വിവിധ ദുരിതാശ്വാസ നടപടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്ഷയരോഗത്തിന്‍റെ വാർഷിക നഷ്ടം 20,000 കോടിയോളമാണെന്ന് പ്രധാനമന്ത്രി മോദി കണക്കാക്കിയിരുന്നു. മെഡിക്കൽ ചെലവുകളാൽ സർക്കാരിനുണ്ടാകുന്ന ഉണ്ടാകുന്ന നഷ്ടത്തിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണിത്. എന്നാൽ രോഗം മൂലം നഷ്ടപ്പെട്ട ജീവിതങ്ങളെക്കുറിച്ച് ഒരു കണക്കുമില്ല.
സമയബന്ധിതമായ രോഗനിർണയവും ശരിയായ ചികിത്സയും കൊണ്ട് 2000-2017 കാലയളവിൽ ലോകമെമ്പാടുമുള്ള 5.4 കോടി ടിബി മരണങ്ങൾ ഇല്ലാതാക്കാനായതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകളും വെളിപ്പെടുത്തുന്നു. 4 വർഷം മുമ്പ് ഇന്ത്യയില്‍ 200 ടി.ബി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 ഓടെ ഇത് 142 ആയും 2023 ഓടെ 77 ആയും കുറയ്ക്കുക എന്നതാണ് ലക്ഷ്യം . ആരോഗ്യ സംരക്ഷണത്തിന്‍റെയും ഗുണനിലവാരത്തിന്‍റെയും പട്ടികയിൽ 195 രാജ്യങ്ങളിൽ 145-ാം സ്ഥാനത്താണ് ഇന്ത്യ. രോഗം നിയന്ത്രിക്കുന്നതിനുള്ള ഒരു ദ്വിമുഖ പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം വ്യാപകമായ വായു മലിനീകരണം തടയുന്നതിനും വ്യക്തിഗത ശുചിത്വം ഉറപ്പ് വരുത്തുന്നതിനും നിബന്ധനകളും തയ്യാറാക്കണം. ശരിയായ നടപടികളിലൂടെ 2025 ഓടെ ഇന്ത്യയെ ടിബി വിമുക്തമാക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.