ന്യൂഡൽഹി: തലസ്ഥാനത്തെ ആശുപത്രികളിൽ കൃതമായ സമയത്ത് ആൻ്റി റാബിസ് വാക്സിനുകൾ എത്തിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനുമാണ് കോടതി നിർദ്ദേശം നൽകിയത്. ആശുപത്രികളില്‍ ആൻ്റി റാബിസ് വാക്സിനുകളുടെ കുറവുണ്ടെന്ന പത്രവാർത്തയെ തുടർന്ന് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവർ അടങ്ങിയ ബെഞ്ച് കോടതി സ്വമേധയാ എടുത്ത പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദ്ദേശം.
കേന്ദ്ര സർക്കാർ നടത്തുന്ന സഫ്ദർജംഗ് ആശുപത്രിക്ക് പ്രതിമാസം 9,000 ത്തോളം ആൻ്റി റാബിസ് വാക്സിനുകൾ ലഭിക്കുന്നുണ്ടെന്നും മറ്റുള്ളവർക്കും മതിയായ അളവിൽ മരുന്ന് വാങ്ങാൻ കഴിയുമെന്നതിനാൽ കൂടുതൽ നിരീക്ഷണം ആവശ്യമില്ലെന്ന നിഗമനത്തിലാണ് ഹർജി തീർപ്പാക്കിയത്. ഡൽഹിയിലെ സർക്കാർ ആശുപത്രികളില്‍ മരുന്നിന് വേണ്ടിയുള്ള നീണ്ട വരിയെക്കുറിച്ച് ജൂലൈയിലാണ് പത്രവാർത്ത വന്നത്.