ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ ഗാസിപൂര്‍ അതിര്‍ത്തി തടഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഗാസിയാബാദിലേക്കുള്ള പാതയില്‍ ഗാസിപൂര്‍ അതിര്‍ത്തിയാണ് കര്‍ഷകര്‍ തടഞ്ഞിരിക്കുന്നത്. അതിനാല്‍ അനന്ദ് വിഹാര്‍, അപ്‌സര, നോയിഡ എന്നിവിടങ്ങളിലേക്കായി നിസാമുദ്ദീന്‍ കട്ട, അക്ഷര്‍ദം വഴി ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്ന് ട്രാഫിക് എസിപി അറിയിച്ചു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 27ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ചര്‍ച്ചയ്‌ക്കായി കാര്‍ഷിക മന്ത്രിയില്‍ നിന്ന് ഇതുവരെ ക്ഷണം ലഭിച്ചില്ലെന്നും സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തികായത് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഗാസിയാബാദിലേക്കും, ഗാസിപൂറിലേക്കുമുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നവംബര്‍ 26 മുതലാണ് ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭമാരംഭിച്ചത്. കേന്ദ്രവും കാര്‍ഷിക സംഘടന നേതാക്കളും തമ്മില്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.