ലഖ്നൗ: സമാജ്‍വാദി പാർട്ടി - ബഹുജൻ സമാജ് പാർട്ടി സഖ്യം സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് പ്രിയങ്ക ഗാന്ധി വാരാണസിയിൽ മത്സരിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നത്. 2014 കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മണ്ഡലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി ലഭിച്ചാൽ മാത്രമേ മോദിയ്ക്ക് എതിരെ കോൺഗ്രസിന് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധിക്കു എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് എസ്.പിയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശ്യാംലാൽ യാദവിന്റെ മരുമകൾ ശാലിനി യാദവാണ് സഖ്യത്തിന്‍റെ വാരാണസിയിലെ സ്ഥാനാർഥി.
നേരത്തെ ശാലിനി വാരാണസി മേയർ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഒരു ലക്ഷത്തിലേറെ വോട്ടുനേടിയിരുന്നു.
അതേസമയം താൻ വാരാണസിയിൽ മത്സരിക്കണമോയെന്ന കാര്യം സഹോദരൻ രാഹുൽ തീരുമാനിക്കുമെന്നാണ് പ്രിയങ്ക വയനാട്ടിൽ പറഞ്ഞത്. യു.പിയിലെ മറ്റ് പ്രധാന മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും വാരാണസിമാത്രം ഒഴിച്ചിട്ടത് പ്രിയങ്ക എത്തുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു.
മേയ് 19-ന് അവസാനഘട്ടത്തിലാണ് വാരാണസിയിൽ തിരഞ്ഞെടുപ്പ്. ഏപ്രിൽ 29 വരെ നാമനിർദേശപത്രിക സമർപ്പിക്കാം.