ന്യൂഡല്‍ഹി: ഉത്തര്‍പ്രേദശ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും രംഗത്ത്. യുപി മുഖ്യമന്ത്രിക്ക് സ്ത്രീസുരക്ഷക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനല്ല, പകരം ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാനാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്ത്രീകൾക്കെതിരെ 13 കുറ്റകൃത്യങ്ങൾ ഉത്തർപ്രദേശിൽ നടന്നിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അവ ശ്രദ്ധിക്കാനോ അതിന് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്താനോ സമയമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം നാല് സംഭവങ്ങളില്‍ ഇര കൊല്ലപ്പെടുകയോ ഇര ആത്മഹത്യ ചെയ്യുകയോ ചെയ്തുവെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
റേഷൻ കടകളുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് യുപിയില്‍ പ്രാദേശിക ബിജെപി നേതാവ് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. നേരത്തെ ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് സഹോദരിമാർക്ക് നേരെ അജ്ഞാതർ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച യോഗി ആദിത്യനാഥിന്‍റെ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. കുറ്റവാളികളെ ന്യായീകരിക്കുകയും പരിരക്ഷിക്കുകയും ചെയ്യുകയാണ് യുപിയിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.