ന്യൂഡൽഹി: കൊവിഡ് 19നെതിരായ പോരാട്ടത്തിന് കരുത്തേകാൻ പ്രസിഡന്‍റ് രാം നാഥ് കോവിന്ദും വൈസ് പ്രസിഡന്‍റ് എം വെങ്കയ്യ നായിഡുവും. ഗവർണർമാർ, ലെഫ്റ്റനന്‍റ് ഗവർണർമാർ, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അഡ്മിനിസ്ട്രേറ്റർമാര്‍ എന്നിവരുമായി വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തും. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ വീഡിയോ കോൺഫറൻസ് നടത്തുന്നത്.
മാർച്ച് 27ന് നടന്ന ആദ്യ വീഡിയോ കോൺഫറൻസിൽ കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ നിന്നുള്ള 14 ഗവർണർമാരും ഡൽഹി ലഫ്റ്റനന്‍റ് ഗവർണറും പങ്കെടുത്തു. ബാക്കിയുള്ള ഗവർണർമാർ, ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍മാര്‍, അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവര്‍ വെള്ളിയാഴ്ച തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കണമെന്ന് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനങ്ങളിലെ കൊവിഡ് 19ന്‍റെ നിലവിലെ അവസ്ഥ, ദുർബല വിഭാഗങ്ങളെ കേന്ദ്രീകരിച്ച് റെഡ് ക്രോസിന്‍റെ പങ്ക്, യൂണിയനുകളുടേയും സംസ്ഥാനത്തിന്‍റേയും ശ്രമങ്ങൾക്ക് സിവിൽ സൊസൈറ്റി,സന്നദ്ധ സംഘടനകൾ,സ്വകാര്യ മേഖല എന്നിവയുടെ പങ്ക് എന്നിവ സമ്മേളനത്തിന്‍റെ അജണ്ട ആയിരിക്കും.