ന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. പ്രധാന പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധത്തിനിടയിലാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തുക. കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി കോൺഗ്രസ്, എൻസിപി, ശിവസേന, ടിഎംസി എന്നീ പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു.
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2021 ജനുവരി 29 ന് പാർലമെന്‍റിൽ നടക്കുന്ന രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാൻ കോൺഗ്രസ് ഉൾപ്പെടെ 16 പ്രതിപക്ഷ പാർട്ടികളും തീരുമാനിച്ചതായി കോൺഗ്രസ് അറിയിച്ചു. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.
കൊവിഡിനെ തുടർന്ന് രണ്ട് ഘട്ടങ്ങളായി ബജറ്റ് സെഷന്‍ ചേരാനാണ് പാര്‍ലമെന്‍ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. ബജറ്റ് സെഷന്‍റെ ഒന്നാം ഘട്ടം ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെയും, രണ്ടാം ഘട്ടം മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയും ആയിരിക്കും. 2021ലെ ബജറ്റ് വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്നും കൂടുതൽ സർക്കാർ പിന്തുണ ആവശ്യമുള്ള മേഖലകളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.