ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 30 ശതമാനം ശമ്പളം വെട്ടിച്ചുരുക്കാന്‍ തയ്യാറായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ശമ്പളം വെട്ടിച്ചുരുക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ആഭ്യന്തര യാത്രകളും പരിപാടികളും ചുരുക്കുമെന്ന് രാഷ്‌ട്രപതി ഭവന്‍ അറിയിച്ചു. വിരുന്നുകളില്‍ അതിഥികളുടെ എണ്ണം കുറച്ചും ഭക്ഷണ മെനു ചുരുക്കിയും അധിക ചെലവ് കുറക്കുന്നതാണ്. ഔദ്യോഗിക പരിപാടികള്‍ക്കായി ആഢംബര വാഹനം ഉപയോഗിക്കില്ല. രാഷ്‌ട്രപതി ഭവനിലെ അറ്റക്കുറ്റ പണികളും വെട്ടിച്ചുരുക്കാന്‍ നിര്‍ദേശമുണ്ട്. ഇ-ടെക്നോളജി ഉപയോഗിക്കുകയും അതുവഴി പേപ്പര്‍ ഉപയോഗം കുറക്കാനും നിര്‍ദേശമുണ്ട്.
കൊവിഡ് 19 പോരാട്ടത്തിന്‍റെ ഭാഗമായി വിഭവങ്ങള്‍ പരമാവധി ഉപയോഗിക്കാനും ലാഭിച്ച പണം ഉപയോഗിച്ച് പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കാനുമാണ് രാഷ്‌ട്രപതിയുടെ നിര്‍ദേശം. ചെലവുചുരുക്കല്‍ നടപടികളിലൂടെ രാഷ്‌ട്രപതി ഭവന്‍ മികച്ച മാതൃകയാകാനും രാഷ്‌ട്രപതിയുടെ നിര്‍ദേശമുണ്ട്.