ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തെച്ചൊല്ലി കേന്ദ്രത്തെ വിമർശിച്ചതിന് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രംഗത്ത്. ഡല്‍ഹി വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി ന്യൂഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കവെ കേന്ദ്രസർക്കാരും ഡൽഹി സർക്കാരും തലസ്ഥാനത്തെ അക്രമങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് വിമർശിച്ചിരുന്നു. ഡല്‍ഹിയിലെ സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്, കേന്ദ്ര-സംസ്ഥാന സർക്കാരിന്‍റെ ഉന്നതതല നേതൃത്വം ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടതിനും ജാവദേക്കർ സോണിയ ഗാന്ധിയെ കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രിക്കും കേന്ദ്രത്തിനും വടക്കുകിഴക്കൻ ഡൽഹിയിൽ നടക്കുന്ന പ്രശ്നങ്ങളിൽ ഉത്തരവാദിത്തമുണ്ടെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി വിശ്വസിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി ഉടൻ രാജിവെക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞിരിന്നു. കോണ്‍ഗ്രസിന്‍റെ ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ പൊലീസിന്‍റെ മനോവീര്യത്തെ ബാധിക്കുമെന്നായിരുന്നു പ്രകാശ് ജാവദേക്കറിന്‍റെ വിശദീകരണം.