ശ്രീനഗർ: കശ്‌മീരിലെ പൂഞ്ച് സെക്‌ടറിൽ നിന്ന് സുരക്ഷാ സേന നാല് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തു. ആറ് ഗ്രനേഡുകളും പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. അറി പ്രദേശത്തെ ക്ഷേത്രത്തിൽ ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. പ്രാദേശിക പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും 49 രാഷ്ട്രീയ റൈഫിൾസിലെ സൈനികരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സഹോദരങ്ങളായ മുസ്‌തഫ ഇഖ്‌ബാൽ, മുർദല ഇഖ്‌ബാൽ എന്നിവരാണ് പിടിയിലായത്. മെന്ദർ സെക്ടറിലെ ബസൂണിക്ക് സമീപം നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്.
ബസൂണിയിലെ 49 രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയൻ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടന്നതെന്നും പാകിസ്ഥാനിൽ നിന്നുള്ള ഫോൺ നമ്പറിൽ നിന്നും മുസ്‌തഫക്ക് ഫോൺ കോൾ വന്നിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്രനേഡ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന വീഡിയോയും ഇയാളുടെ ഫോണിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബാലകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിലെ ഡാബി ഗ്രാമത്തിൽ നിന്ന് രണ്ട് പ്രതികളെ കൂടി പിടികൂടിയെന്നും പല പ്രദേശങ്ങളിലും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.