ബംഗാള്‍ സര്‍ക്കാരിനെതിരായ സിബിഐയുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തളളി.
ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിന്‍റെ മൊഴിയെടുക്കാന്‍ സിബിഐ ശ്രമിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മമത ബാനര്‍ജി രംഗത്തുവന്നത്. അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ബംഗാള്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ സിബിഐ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സിബിഐക്കെതിരെ ബംഗാള്‍ പൊലീസും കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
സിബിഐയെ പൂട്ടി കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ധര്‍ണ രണ്ടാം ദിവസവും തുടരുകയാണ്. വെള്ളിയാഴ്ച വരെ സമരം തുടരുമെന്നും സമരം സിബിഐക്കെതിരെയല്ല, കേന്ദ്രസര്‍ക്കാരിന് എതിരെയാണെന്നും മമതാ ബാനര്‍ജി അറിയിച്ചു. നാടകീയ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് തൃപാഠി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിബിഐയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ച ഐപിഎസ് ഉദ്യോഗസ്ഥരോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം തടസപ്പെടുത്താന്‍ മമത സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ബംഗാളിലെ സംഭവങ്ങള്‍ ഫെഡറലിസത്തിന് ഭീഷണിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.