ബെംഗളൂരു: പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ൽ എൺപതുവയസുകാരനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ കമി ഗൗഡയെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത് . ദശനദോഡി പ്രദേശത്തെ ജല പ്രതിസന്ധി തടയുന്നതിനായി 16 കുളങ്ങളാണ് ഗൗഡ കുഴിച്ചത്. കുളങ്ങൾ വലുതാണോയെന്നല്ല, മറിച്ച് അദ്ദേഹത്തിന്‍റെ പരിശ്രമം വളരെ വലുതാണെന്നും ആട്ടിടയനായ അദ്ദേഹം തന്‍റെ മൃഗങ്ങളെ പരിപാലിക്കുന്നതോടൊപ്പം പ്രദേശവാസികളുടെ ബുദ്ധിമുട്ട് മനസിലാക്കുകയും അവരെ സഹായിക്കുകയും ചെയ്‌തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രശംസയിൽ കമി ഗൗഡ സന്തോഷം പ്രകടിപ്പിച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണിതെന്ന് ഗൗഡ പറഞ്ഞു. ജല പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിനും സംഭാവനക്കും ഗൗഡക്ക് നാട്ടുകാർ കെരെ (തടാകം) ഗൗഡ എന്ന പേര് നൽകി അഭിനന്ദിച്ചു.