ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രിയെ സന്ദർശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പറും മോദിയെ സന്ദര്‍ശിച്ചു. സായുധ സേനകള്‍ തമ്മില്‍ ജിയോസ്‌പേഷ്യല്‍ വിവരങ്ങള്‍, മിലിറ്ററി സാങ്കേതിക വിദ്യ, സാറ്റലൈറ്റ് ഡാറ്റ, പ്രതിരോധ സംബന്ധമായി കാര്യങ്ങള്‍ എന്നിവ കൈമാറുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ബേസിക് എക്‌സേഞ്ച് ആന്‍റ് കോര്‍പ്പറേഷന്‍ എഗ്രിമെന്‍റ്(ബിഇസിഎ) എന്ന കരാറില്‍ ഒപ്പുവെച്ചു.
ഇരു രാജ്യങ്ങളുടെയും ഉന്നത തല നേതൃത്വങ്ങളുടെ നിര്‍ദേശങ്ങള്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് സഹായിക്കുമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ ട്വീറ്റ് ചെയ്‌തു. പ്രതിരോധ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയാണ് ഇന്ത്യന്‍ സര്‍ക്കാറിന് വേണ്ടി കരാര്‍ ഒപ്പിട്ടത്. ഇരു രാജ്യങ്ങളിലെയും സൈനിക സഹകരണം കൂടുതല്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.