കൊല്‍ക്കത്ത: പൗരത്വ നിയമ പ്രതിഷേധങ്ങളില്‍ പങ്കെടുത്തെന്ന കാരണത്താല്‍ പോളിഷ് വിദ്യാര്‍ഥിയോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്‌ആർആർഒ). ജാദവ്പൂർ സർവകലാശാല വിദ്യാര്‍ഥി കമിൽ സീഡ്‌സിൻസ്‌കിക്കാണ് എഫ്‌ആർആർഒ നോട്ടീസ് അയച്ചത്. ഇതേ കാരണം കാണിച്ച് വിശ്വ ഭാരതി സർവകലാശാലയിലെ വിദ്യാര്‍ഥിക്കും എഫ്‌ആർആർഒ നോട്ടീസ് അയച്ചിരുന്നു. ക്യാമ്പസില്‍ നടന്ന സിഎഎ വിരുദ്ധ പ്രകടനങ്ങളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്‍റെ നടപടി. സീഡ്‌സിൻസ്‌കിയോട് ഫെബ്രുവരി 22 ന് കൊൽക്കത്തയിലെ ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.
സ്റ്റുഡന്‍റ് വിസയിൽ ഇന്ത്യയിൽ താമസിക്കുന്ന ഒരു വിദേശ പൗരന്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുടെ ഭാഗമായതിനെ തുടര്‍ന്നാണ് നടപടിയെന്ന് എഫ്‌ആർആർഒ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ മൗലാലി പ്രദേശത്ത് നടന്ന സിഎഎ വിരുദ്ധ റാലിയിൽ കമിൽ സീഡ്‌സിൻസ്‌കി പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ സീഡ്‌സിൻസ്‌കിയെ കുറിച്ചുള്ള വാര്‍ത്ത ബംഗാളി പത്രത്തില്‍ വന്നിരുന്നു. മൂന്നാം വര്‍ഷ പരീക്ഷ എഴുതാനിരിക്കുകയാണ് സീഡ്‌സിൻസ്‌കി. പോളിഷ് വിദ്യാർഥിയായ ഇദ്ദേഹം നേരത്തേ വിശ്വ ഭാരതി സർവകലാശാലയിൽ നിന്നും ബംഗാളി പഠിച്ചിരുന്നു.
അതേസമയം, തീരുമാനം പുനപരിശോധിക്കണമെന്ന് വിദ്യാര്‍ഥികള്‍ ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിനോട് അഭ്യര്‍ഥിച്ചു. ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം ഡല്‍ഹി ഓഫീസിന്‍റേതാണെന്ന് എഫ്‌ആർആർഒ ഉദ്യോഗസ്ഥന്‍ അറിയിച്ചു.