ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കും സ്‌ത്രീകള്‍ക്കും സൗജന്യ ടാക്‌സി പദ്ധതിയുമായി ദ്വാരക പൊലീസ്. ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് മണി വരെ സൗജന്യ ടാക്‌സി സര്‍വീസ് ഉണ്ടാകും. ജില്ലാ പൊലീസിന്‍റെ നേതൃത്വത്തില്‍ മഹേന്ദ്രാ ലോജിസ്റ്റിക്‌സും സിജിഎച്ച്എസ് ഫെഡറേഷനും ചേര്‍ന്നാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
രാത്രി കാലങ്ങളില്‍ മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായാല്‍ പ്രത്യേകം വാഹനം സജ്ജീകരിച്ചിട്ടുണ്ടെന്ന് ദ്വാരക ഡെപ്യൂട്ടി കമ്മിഷണര്‍ ആന്‍റോ അല്‍ഫോണ്‍സ് അറിയിച്ചു. സൗജന്യ ടാക്‌സി സര്‍വീസ് സബ് സിറ്റി തലത്തില്‍ മാത്രമാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. സര്‍വീസിനായി 9773527222 എന്ന നമ്പറിലേക്ക് ബന്ധപ്പെടാം. ടാക്‌സി സര്‍വീസ് ഉപയോഗിക്കുന്നവര്‍ സമൂഹിക അകലം പാലിക്കണമെന്നും മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും പൊലീസ് അറിയിച്ചു.