മുംബൈ: പഞ്ചാബ് - മഹാരാഷ്‌ട്രാ കോ-ഓപ്പറേറ്റീവ് ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യാഴാഴ്ച്ച രണ്ട് പേർ അറസ്റ്റിലായി. ബാങ്കില്‍ അക്കൗണ്ടുണ്ടായിരുന്ന ഹൗസിങ്ങ് ഡെവലപ്മെന്‍റ് ഇന്‍ഫ്രാസ്‌ട്രക്ചർ ലിമിറ്റഡ്(എച്ച്.ഡി.ഐ.എല്‍) ഡയറക്‌ടർമാരായ സാരംഗ് വാധ്വാന്‍, രാകേഷ് വാധ്വാന്‍ എന്നിവരെയാണ് മുംബൈ പൊലീസിന്‍റെ എകണോമിക്ക് ഒഫന്‍സ് വിങ്ങ് അറസ്റ്റ് ചെയ്തത്.വഞ്ചന കുറ്റം, രേഖകൾ കെട്ടിച്ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കുമേല്‍ ചുമത്തിയിട്ടുള്ളത് .പി.എം.സി. ബാങ്കില്‍ നിന്നും എടുത്ത കടം തിരിച്ചടക്കുന്നതുമായി ബന്ധപെട്ട് ഇരുവർക്കുമെതിരേ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തില്‍ കേസുമായി സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ്.
പി.എം.സി. ബാങ്കില്‍ നിന്നും എടുത്ത കടം തിരിച്ചടക്കുന്നതില്‍ വീഴ്ച്ചവരുത്തിയ 44 എക്കൗണ്ടുകളില്‍ 10 എണ്ണവും എച്ച്.ഡി.ഐ. ലിമിറ്റഡുമായി ബന്ധപെട്ടവയാണ്. കമ്പനി ഡയറക്‌ടർമാരായ സാരംഗ് വാധ്വാവാന്‍, രാകേഷ് വാധ്വാവാന്‍ എന്നിവരുടെ വ്യക്തിഗത എക്കൗണ്ടുകളും ഇവയില്‍ ഉൾപെടും.
സെപ്റ്റംബർ 30ന് എക്ണോമിക്ക് ഒഫന്‍സ് വിങ്ങാണ് 4,355 കോടിയുടെ സാമ്പത്തിക തട്ടിപ്പിന് പി.എം.സി. ബാങ്കിനെതിരെയും എച്ച്.ഡി.ഐ. ലിമിറ്റഡിനെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. കേസന്വേഷണത്തിനായി എക്ണോമിക്ക് ഒഫന്‍സ് വിങ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയിട്ടും എച്ച്.ഡി.ഐ. ലിമിറ്റഡ് കമ്പിനിക്ക് പി.എം.സി. ബാങ്ക് അധികൃതർ 2008-2019 കാലയളവില്‍ വീണ്ടും വായ്പ അനുവദിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 2007-2011 കാലഘട്ടത്തില്‍ സാമ്പത്തിക ഇടപാടുകളിലൂടെ പി.എം.സി. ബാങ്കിന് വന്‍ കടബാധ്യത ഉണ്ടായെന്നാണ് കേസ്.