ന്യൂഡല്‍ഹി: അമേരിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിഅമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയെ വരവേല്‍ക്കുന്ന 'ഹൗഡി മോദി' എന്ന പരിപാടിയിലാകും കൂടിക്കാഴ്ചയെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗൊഖലെ അറിയിച്ചു. ശനിയാഴ്ച ടെക്സസിലെ ഹൂസ്റ്റണിലാണ് പരിപാടി നടക്കുക. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹമാണ് പരിപാടിയുടെ സംഘാടകര്‍.
സെപ്റ്റംബര്‍ 27 ന് യുഎന്‍ ജനറല്‍ അസംബ്ളിയിലും മോദി പങ്കെടുക്കും. ഇന്ത്യ അമേരിക്ക ബന്ധം ശക്തമാക്കാനുള്ള നല്ലൊരവസരം കൂടിയാണ് ഈ കൂടിക്കാഴ്ചയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 24 ന് മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മദിനത്തോടനുബന്ധിച്ച് 'നേതൃത്വ കാര്യങ്ങള്‍; ആധുനിക ലോകത്തില്‍ ഗാന്ധിക്കുള്ള പ്രസക്തി' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക പരിപാടിയും മോദി സംഘടിപ്പിക്കും