ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണക്കും വിശ്വാസത്തിനും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടായ ശക്തിയും കഴിവും സമാനതകള്‍ ഇല്ലാത്തതെന്ന് ഇന്ത്യക്കാര്‍ തെളിയിച്ചിട്ടുണ്ട്. ജനങ്ങളുടെ മമതയും സജീവ സഹകരണവും പകരുന്നത് പുത്തന്‍ ഊര്‍ജവും പ്രചോദനവുമാണെന്നും മോദി. രണ്ടാം മോദി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ വേളയില്‍ എഴുതിയ കത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഈ ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു സുവര്‍ണ അധ്യായമാണ് ആരംഭിച്ചത്. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുത്തത്. ജനങ്ങള്‍ കാട്ടിയ ജനാധിപത്യത്തിന്‍റെ ശക്തി ലോകത്തിന് തന്നെ വഴിവിളക്കാണെന്നും മോദി കത്തില്‍ കുറിച്ചു.
സര്‍ക്കാര്‍ നടപ്പാക്കിയ തീരുമാനങ്ങള്‍ ഒരോന്നായി മോദി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കശ്മീരിന്‍റെ പ്രത്യേക പദവി നീക്കല്‍ , ചീഫ് ഓഫ് സ്റ്റാഫ് നിയമനം, പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി, ജല്‍ജീവന്‍ മിഷന്‍ തുടങ്ങിയവ രാജ്യത്തിന്‍റെ വളര്‍ച്ചയെ മുന്നോട്ട് നയിച്ചെന്ന് മോദി പറഞ്ഞു.
കൊവിഡ് കാലത്തെ സങ്കീര്‍ണ പ്രതിസന്ധിക്കിടയിലും ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അതിഥി തൊഴിലാളികള്‍, ചെറുകിട വ്യവസായ മേഖലയിലെ തൊഴിലാളികള്‍, കരകൗശല വിദഗ്‌ധര്‍ തുടങ്ങിയ ജനവിഭാഗം വലിയ കഷ്ടപ്പാടുകളിലൂടെയാണ് കടന്നു പോകുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ കൂട്ടായി പരിശ്രമിക്കുന്നുണ്ടെന്നും മോദി കത്തില്‍ പറഞ്ഞു.