ഡെറാഡൂൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയബന്ധിതമായ തീരുമാനത്തെത്തുടർന്ന് കൊറോണ വൈറസിന്‍റെ ആഘാതത്തെ കുറക്കാനായെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായ സമയത്ത് എടുത്ത ശരിയായ തീരുമാനത്തെത്തുടർന്ന് കൊറോണ വൈറസ് ഇന്ത്യയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ലെന്നും ലോക്ക്‌ഡൗണ്‍ കാരണം വ്യാപനം നിയന്ത്രിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു. കൊവിഡ് ബാധിതരുടെ മരണനിരക്ക് ഇന്ത്യയിൽ 2.82 ശതമാനമാണ്. അതേസമയം ആഗോള മരണനിരക്ക് വളരെ കൂടുതലാണ്.
ആശുപത്രികളിലെ പിപിഇ കിറ്റുകൾ, ടെസ്റ്റിംഗ് കിറ്റുകൾ, ഐസിയുകൾ, വെന്‍റിലേറ്ററുകൾ എന്നിവക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാജ്യത്ത് പ്രതിദിനം 4.5 ലക്ഷത്തോളം പിപിഇ കിറ്റുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ശുചിത്വം, മാസ്കുകൾ, ശാരീരിക അകലം എന്നിവയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായി. കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഒരു സ്വാശ്രയ ഇന്ത്യയ്ക്ക് വഴിയൊരുക്കുകയാണെന്നും റാവത്ത് പറഞ്ഞു. തൊഴിലാളികളും കർഷകരും ഗ്രാമങ്ങളും ഈ പാക്കേജിന് കീഴിൽ ശക്തിപ്പെടും. എംഎസ്എംഇ മേഖലയെ ഉയർത്തുന്നതിന് നിരവധി സുപ്രധാന വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
എംഎൻആർഇജിഎയ്ക്ക് 40,000 കോടി രൂപ അധികമായി അനുവദിക്കുന്നതോടെ ധാരാളം ഗ്രാമീണ തൊഴിലവസരങ്ങൾ ലഭ്യമാകും. ഇത് പ്രത്യേകിച്ചും ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ രണ്ടാം സർക്കാരിന്‍റെ ഒന്നാം വാര്‍ഷികം പൂർത്തിയായപ്പോൾ മോദി ചരിത്രപരമായ തീരുമാനങ്ങൾ എടുത്തതായി റാവത്ത് പറഞ്ഞു. 370, 35 എ എന്നീ വകുപ്പുകൾ നിർത്തലാക്കി സർക്കാർ ചരിത്രം തിരുത്തിയെഴുതി. ട്രിപ്പിൾ ത്വലാഖ് അടിയന്തരമായി നിർത്തലാക്കിയത് മുസ്ലിം സഹോദരിമാർക്ക് വലിയ ആശ്വാസം നൽകി. പൗരത്വ ഭേദഗതി നിയമം അംഗീകരിച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിർമ്മിക്കാനുള്ള പാത ഒരുക്കിക്കഴിഞ്ഞു. കോർപ്പറേറ്റ് നികുതിയിലും ആദായനികുതിയിലും ഇളവുകൾ അനുവദിച്ചു. സാമൂഹ്യ സുരക്ഷയുടെ വ്യാപ്തി വർദ്ധിപ്പിച്ചതോടെ ചെറുകിട കടയുടമകൾക്കുള്ള പെൻഷൻ പദ്ധതി നിലവിൽ വന്നുവെന്നും റാവത്ത് പറഞ്ഞു.