ന്യൂഡൽഹി: 'ആത്മ നിർഭർ ഉത്തര്‍പ്രദേശ് റോസ്‌ഗർ അഭിയാന്‍' പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴി പദ്ധതിയുടെ ഉദ്‌ഘാടനം നടക്കും. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക, പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ നൽകുന്നതിന് വ്യാവസായിക സമിതികളുമായും മറ്റ് സംഘടനകളുമായും പങ്കാളിത്തം നേടുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായി ഗരീബ് കല്യാൺ റോജർ അഭിയാൻ ഈ മാസം 20ന് ആരംഭിച്ചിരുന്നു. ഏകദേശം 30 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് യുപിയിൽ മടങ്ങിയെത്തിയത്. കൊവിഡ് പ്രതിസന്ധി പ്രധാനമായും കുടിയേറ്റ തൊഴിലാളികളെ ബാധിച്ചു. കുടിയേറ്റക്കാർക്കും ഗ്രാമീണ തൊഴിലാളികൾക്കും അടിസ്ഥാന സൗകര്യങ്ങളും ഉപജീവന മാർഗങ്ങളും നൽകേണ്ടതിന്‍റെ ആവശ്യകത വര്‍ധിച്ചു. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലെയും ഗ്രാമങ്ങൾ പൊതുസേവന കേന്ദ്രങ്ങളിലൂടെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലൂടെയും ഈ പരിപാടിയിൽ പങ്കുചേരും.