ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്ര നാളെ ഉദ്‌ഘാടനം ചെയ്യും. സ്വച്ഛ് ഭാരത് മിഷന്‍റെ ഇന്‍ററാക്‌ടീവ് സെന്‍ററാണ് രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്ര. മഹാത്മാഗാന്ധിയുടെ ചമ്പാരൻ സത്യാഗ്രഹത്തിന്‍റെ ശതാബ്‌ദിയാഘോഷത്തോടനുബന്ധിച്ചാണ് രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്ര സംഘടിപ്പിക്കുന്നത്. ഹാൾ ഒന്നിൽ സന്ദർശകർക്കായി 360 ഡിഗ്രി ഓഡിയോവിഷ്വൽ ഇമ്മേഴ്‌സീവ് ഷോയും ഹാൾ രണ്ടിൽ എൽഇഡി പാനലുകൾ, ഹോളോഗ്രാം ബോക്‌സുകൾ, സ്വച്ഛ് ഭാരതത്തെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്‌ചപ്പാട് കൈവരിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പ്രദർശനവും നടക്കും.
സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന 36 വിദ്യാർഥികളുമായി പ്രധാന മന്ത്രി ആശയവിനിമയം നടത്തും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകും പരിപാടികൾ പുരോഗമിക്കുക. രാജ്യത്തിലെ 55 കോടിയോളം ജനങ്ങളെ മാറി ചിന്തിക്കുവാൻ സ്വച്ഛ് ഭാരത് മിഷൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നും മിഷൻ ഇന്‍റർനാഷ്‌ണൽ സമൂഹത്തിനിടയിൽ ഇന്ത്യക്ക് പ്രശംസ നേടിത്തന്നിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.