ന്യുഡല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയിലെ അത്യാധുനിക പാസഞ്ചര്‍ ടെര്‍മിനല്‍ സമുച്ചയം ശനിയാഴ്‌ച പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നവംബര്‍ ഒമ്പതിന് കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതോടെ വീണ്ടും ചരിത്രം സൃഷ്‌ടിക്കുകയാണെന്ന് അമിത് ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനിലെ ഗുരുദ്വാര കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒരുമയെയും മനുഷ്യത്വത്തെയും സൂചിപ്പിക്കുന്ന 'ഖാണ്ട' എന്ന ചിഹ്നമാണ് പിടിബി സമുച്ചയത്തിന്‍റെ നിര്‍മാണത്തിന് പ്രചോദനമായത്. പ്രതിദിനം അയ്യായിരം തീര്‍ഥാടകര്‍ക്ക് സുഗമമായ യാത്രക്ക് ആവശ്യമായ ഇമിഗ്രേഷന്‍, ക്ലിയറന്‍സ് സൗകര്യങ്ങളും ഉണ്ടായിരിക്കും. ഒക്‌ടോബര്‍ ഇരുപത്തിനാലിന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കര്‍താര്‍പൂര്‍ ഇടനാഴിയിലെ പ്രവര്‍ത്തനങ്ങൾക്കായുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. ഇടനാഴിയില്‍ വിസയില്ലാതെയുള്ള യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നാല്‍ ഇന്ത്യന്‍ തീര്‍ഥാടകരുടെ കൈവശം പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. കൂടാതെ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനായി ഇന്ത്യക്കാര്‍ക്ക് അനുമതിയും ആവശ്യമാണ്.