ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗയുമായി ഫോൺ സംഭാഷണം നടത്തി. ജപ്പാൻ പ്രധാനമന്ത്രിയായി നിയമിതനായതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്‌തു. ഇന്ത്യ-ജപ്പാൻ നയതന്ത്രവും ആഗോള പങ്കാളിത്തവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും പരസ്‌പര വിശ്വാസത്തിന്‍റെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്‌താവനയിൽ പറയുന്നു.
കൊവിഡ് പകർച്ചവ്യാധിയുൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ ഇന്നത്തെ കാലഘട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ പ്രസക്തമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിൽ ഉണ്ടായ പുരോഗതിയെകുറിച്ച് ഇരു നേതാക്കളും സംസാരിക്കുകയും വിദഗ്‌ധ തൊഴിലാളികളുമായി ബന്ധപ്പെട്ട കരാർ അന്തിമമാക്കിയതിനെ സ്വാഗതം ചെയ്യുകയും ചെയ്‌തു. കൊവിഡ് പകർച്ചവ്യാധിമൂലമുണ്ടായ ആഗോള സ്ഥിതി മെച്ചപ്പെട്ടതിനുശേഷം വാർഷിക ഉഭയകക്ഷി ഉച്ചകോടിക്ക് ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി സുഗയെ ക്ഷണിച്ചു.