ന്യൂഡൽഹി: ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിന്‍റെ ഭാഗമായി വികസിപ്പിച്ചെടുത്ത വിവിധ ആപ്ലിക്കേഷനുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആപ്പിന് ലഭിക്കുന്ന ജനകീയ പിന്തുണ സ്വയം പര്യാപതമായ ഇന്ത്യയുടെ അടയാളമാണെന്നും പ്രധാനമന്ത്രി മൻ കി ബാത് പരിപാടിയിൽ പറഞ്ഞു. "സമകാലികപ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി നൂതനവിദ്യകളിലെ ഇന്ത്യക്കാരുടെ കഴിവിൽ എല്ലാവരും വിശ്വാസമർപ്പിക്കുന്നു." ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ യുവാക്കൾ പൂർണ ഹൃദയത്തോടെ പങ്കെടുക്കുകയാണ്. ലഭിച്ച 7,000 ത്തോളം അപേക്ഷകളിൽ ഭൂരിഭാഗവും യുവാക്കളുടെ സംഭാവനയാണെന്നത് അതിന്‍റെ തെളിവാണ്. പല വിഭാഗങ്ങളിലായി നിരവധി ആപ്ലിക്കേഷനുകൾ വികസിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ മോദി കുട്ടികൾക്കായും യുവാക്കൾക്കായും സർക്കാർ പദ്ധതികൾക്കായും പ്രവർത്തിക്കുന്ന ആപ്പുകളുടെ പേരുകൾ മൻ കി ബാത് പ്രസംഗത്തിൽ വിശദീകരിച്ചു. കൂ, ആസ്‌ക് സർക്കാർ, ചിങ്കാരി ആപ്പുകൾ എന്നിവയാണ് അവയിൽ ചിലത്.
ഇന്നത്തെ ചെറിയ സംരഭങ്ങൾ നാളത്തെ ആഗോള കമ്പനികളായി മാറുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ബിസിനസ്, ഗെയിമിങ് രംഗത്തും നിരവധി ആപ്പുകൾ വികസിപ്പിച്ചെടുത്തതായും ഇവ ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് ആപ്പുകളായ 59 ആപ്ലിക്കേഷനുകൾ ഇന്ത്യ ഗവൺമെന്‍റ് ജൂണിൽ നിരോധിച്ചിരുന്നു. ഇതിന്‍റെ ഭാഗമായ മറ്റ് 47 ആപ്പുകൾക്ക് തൊട്ടടുത്ത മാസം ജൂലൈയിലും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി.