ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ പ്രസംഗിച്ച മധുര സ്വദേശിനി നേത്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലായ് 21 ന്യൂയോർക്കില്‍ നടന്ന സമ്മേളനത്തിലാണ് നേത്ര പ്രസംഗിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോൺഫറൻസിങിലൂടെയാണ് ലോകമെമ്പാടും ഐകരാഷ്ട്രസഭയുടെ സമ്മേളനം നടന്നത്. മൻ കീ ബാത്തിലൂടെയാണ് നേത്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. മധുരയിലെ ബാർബർ ഷോപ്പ് ഉടമയായ മോഹനന്റെ മകളാണ് നേത്ര. മകളുടെ ഭാവിയ്ക്കായി സൂക്ഷിച്ചിരുന്ന പണം പാവങ്ങൾക്ക് സഹായമായി നല്കിയ മോഹനനെ കഴിഞ്ഞ മേയിലെ മൻ കീ ബാത്തില്‍ മോദി പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎൻ മോഹനന്റെ മകൾ നേത്രയെ പാവങ്ങളുടെ ഗുഡ്വില് അംബാസിഡറായി നിയമിച്ചത്.
ലിംഗസമത്വത്തിന്റെ തിരിച്ചറിവ് ത്വരിതപ്പെടുത്തുക, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ പെൺകുട്ടികൾക്കായുള്ള ഇന്ത്യയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയെക്കുറിച്ചാണ് നേത്ര സംസാരിച്ചത്. ജോലി ചെയ്യുന്ന സ്ത്രീകൾക്കായി തമിഴ്നാട് സർക്കാർ ഇരുചക്ര വാഹനങ്ങൾ നല്കിയതും പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയാക്കി നല്‍കിയതിനെക്കുറിച്ചും നേത്ര സമ്മേളനത്തില്‍ പരാമർശിച്ചിരുന്നു.