ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് രാജ്യത്താകെ ഭീതിപടര്‍ത്തിയ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കമണെന്നും വേണ്ട എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും മോദി 'ഉംപുന്‍' ചുഴലിക്കാറ്റിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷം പ്രതികരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളെയാണ് വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 'ഉംപുൻ' ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറയിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ തീവ്രത കൈവരിച്ച് സൂപ്പര്‍ സൈക്ലോണായി മാറുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ കാറ്റ് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.