പട്‌ന: പ്രധാനമന്ത്രിയും ബിഹാർ മുഖ്യമന്ത്രിയും വികസനത്തെക്കുറിച്ചോ കർഷകർ, ജോലിക്കാർ, ചെറുകിട സംരഭർ എന്നിവരുടെ പ്രശ്നങ്ങളെക്കുറിച്ചോ സംസാരിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തേജശ്വിയുടെ കുടുംബത്തെക്കുറിച്ച് മോശമായി സംസാരിക്കുമ്പോൾ മോദി തന്‍റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നു എന്നും രാഹുൽ പറഞ്ഞു.
എന്നാൽ തൊഴിലില്ലായ്മ, കർഷകരുടെയും ചെറുകിട വ്യവസായികളുടെയും ജീവിതം എന്നിവയെക്കുറിച്ച് മോദിയും നിതീഷും സംസാരിച്ചിട്ടില്ല. ഈ വോട്ടെടുപ്പ് തന്‍റെ കുടുംബങ്ങളെക്കുറിച്ചോ നിതീഷിന്‍റെ കുടുംബത്തെക്കുറിച്ചോ അല്ലെന്നും അത് ബീഹാറിലെ ജനങ്ങളുടെ ഭാവിയിലേക്കുള്ള വോട്ടെടുപ്പാണെന്നും രാഹുൽ പറഞ്ഞു.
നിതീഷ് കുമാറിന് 15 വർഷവും മോദിക്ക് ആറ് വർഷവും നൽകിയതിന് ശേഷം ബിഹാറിലെ യുവാക്കൾക്ക് ജോലി ഇല്ല. അവർക്ക് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താനും കഴിയുന്നില്ല. ഈ വോട്ടെടുപ്പ് ബിഹാറിന്‍റെ ഭാവിയാണ് നിശ്ചയിക്കുന്നതെന്നും രാഹുൽ പറഞ്ഞു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ ബുധനാഴ്ച രാവിലെ ഏഴിന് 16 ജില്ലകളിലായി 71 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ മൂന്നിനും മൂന്നാം ഘട്ടത്തിൽ നവംബർ ഏഴിനും നടക്കും. നവംബർ 10 ന് വോട്ടെണ്ണലിനുശേഷം ഫലങ്ങൾ പ്രഖ്യാപിക്കും.