ന്യൂഡല്‍ഹി: ഒരാഴ്ച നീണ്ടു നില്‍ക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. ഈ മാസം 22ന് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഹ്യൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന 'ഹൗഡി മോദി' എന്ന പരിപാടിയില്‍ പ്രധാന മന്ത്രി അമ്പതിനായിരത്തിലധികം വരുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. സെപ്തംബര്‍ 21 മുതല്‍ 27 വരെയാണ് സന്ദര്‍ശനം.
പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇത് ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യന്‍ സമൂഹത്തെ പൊതുവേദിയില്‍ അഭിസംബോധന ചെയ്യുന്നത്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഊര്‍ജ കമ്പനികളുടെ സി.ഇ.ഓ.മാരുമായും മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഹ്യൂസ്റ്റണില്‍ കനത്ത മഴ തുടരുന്നതിനാല്‍ പല പ്രദേശങ്ങളിലും ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്തംബര്‍ 27ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന 74-മത് യുഎന്‍ പൊതുസമ്മേളനത്തിലും നരേന്ദ്ര മോദി സംസാരിക്കും. 24ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ഈ വര്‍ഷത്തെ മൂന്നാമത്തെ മോദി-ട്രംപ് കൂടിക്കാഴ്ചകും ഇത്. എന്നാല്‍ നികുതി സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് പുതിയ വ്യാപാര കരാര്‍ പ്രഖ്യാപിക്കുമൊയെന്നതില്‍ വ്യക്തതയായിട്ടില്ലെന്ന് വിജയ് ഗൊഖലെ മാധ്യമങ്ങളോട് പറഞ്ഞു.