ന്യൂഡല്‍ഹി: കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി. 41 കല്‍ക്കരി ഖനി കമ്പനികളാണ് വാണിജ്യാടിസ്ഥാനത്തില്‍ ലേലം ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിയെ ഇന്ത്യ അവസരമാക്കുമെന്നും ഇത് രാജ്യത്തെ സ്വയം പര്യാപ്‌തതയിലേക്ക് നീങ്ങാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇറക്കുമതിയെ ആശ്രയിക്കുന്ന പതിവ് ഇന്ത്യ കുറക്കുമെന്നും കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കമിടുന്ന ചടങ്ങില്‍ അഭിസംബോധന ചെയ്‌തു കൊണ്ട് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളുടെ ലോക്ക് ഡൗണില്‍ നിന്നും കല്‍ക്കരി മേഖലയെ പുറത്തെത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെര്‍ച്വല്‍ പരിപാടിയിലൂടെയാണ് പ്രധാനമന്ത്രി ലേലത്തിന് തുടക്കമിട്ടത്.
ലോകത്തിലെ നാലാമത്തെ വലിയ കല്‍ക്കരി ശേഖര രാജ്യമായിട്ടു കൂടി ഇന്ത്യയില്‍ നിന്ന് കല്‍ക്കരി കയറ്റുമതി ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. എന്നാൽ ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ഇറക്കുമതി രാജ്യവും ഇന്ത്യ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി രാജ്യത്തിന്‍റെ കല്‍ക്കരി മേഖലകളില്‍ മാറ്റമില്ലായിരുന്നുവെന്നും 2014 ന് ശേഷമാണ് സ്ഥിതിഗതികളില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമമാരംഭിച്ചതെന്നും മോദി വ്യക്തമാക്കി. കല്‍ക്കരി മേഖലയിലെ സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കുന്നത് ലോകത്തിലെ നാലാമത്തെ വലിയ കല്‍ക്കരി ശേഖരമായ ഇന്ത്യയില്‍ സാധ്യതകള്‍ തുറന്നിടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2030ഓടെ 100 മില്ല്യണ്‍ കല്‍ക്കരി വാതകവല്‍ക്കരിക്കാന്‍ പദ്ധതിയുണ്ട്. നാല് പ്രൊജക്‌ടുകളിലേക്കായി 20000 കോടി രൂപ നിക്ഷേപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കല്‍ക്കരി മന്ത്രാലയവും എഫ്‌ഐസിസിഐയും സംയുക്തമായി ആരംഭിച്ച പദ്ധതിയിലൂടെ കല്‍ക്കരി മേഖലയില്‍ സ്വയം പര്യാപ്‌തതയാണ് ലക്ഷ്യമിടുന്നത്. ആത്മനിർഭർ ഭാരത് അഭിയാന്‍റെ കീഴിൽ കേന്ദ്രം നടത്തിയ പ്രഖ്യാപനത്തിന്‍റെ ഭാഗമാണ് 41 കല്‍ക്കരി ഖനികളുടെ ലേലം. വാണിജ്യതലത്തില്‍ കല്‍ക്കരി ഖനനം അനുവദിക്കുന്നതിലൂടെ കേന്ദ്രം മേഖലയെ പൂര്‍ണമായും നിക്ഷേപത്തിനായി തുറന്ന് നല്‍കിയിരിക്കുകയാണെന്ന് നേരത്തെ കല്‍ക്കരി മന്ത്രി പ്രല്‍ഹാദ് ജോഷി വ്യക്തമാക്കിയിരുന്നു. ഇത്തരം മുന്നേറ്റം എക്കാലത്തെയും മികച്ച പരിഷ്‌കാരമാണെന്നും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് കല്‍ക്കരിയുടെ സ്വതന്ത്ര വ്യാപാരത്തെ പ്രോല്‍സാഹിപ്പിക്കാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.