ന്യുഡൽഹി : നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് -19 അടിയന്തര ഫണ്ടിലേക്ക് ഇരു രാജ്യങ്ങളും നൽകിയ ധനസഹായത്തിനാണ് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെയും ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗിനെയും മോദി അഭിനന്ദിച്ചത്. നേപ്പാൾ 10 കോടി എൻ.പി.ആർ അടിയന്തര ഫണ്ടിലേക്ക് സംഭാവന ചെയ്തത് പകർച്ചവ്യാധിക്കെതിരെ സാർക്ക് രാജ്യങ്ങളുടെ കൂട്ടായ പോരാട്ടത്തിന് പ്രതിബദ്ധതയും പിന്തുണയും പ്രതിഫലിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി ഇന്ത്യക്ക് അടിയന്തര ധനസഹായം നൽകുന്നതായി പറഞ്ഞിരുന്നു. ഭൂട്ടാൻ സർക്കാർ കോവിഡ് -19 ഇന്ത്യയുടെ അടിയന്തര ഫണ്ടിലേക്ക് ഒരു ലക്ഷം ഡോളറാണ് സംഭാവന നൽകിയത്. ഇതിനു മുൻപ് ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയം സാർക്ക് വീഡിയോ കോൺഫറൻസിൽ ഇന്ത്യ നിർദ്ദേശിച്ച കോവിഡ് -19 എമർജൻസി ഫണ്ട് സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായും ഒരു ലക്ഷം യുഎസ് ഡോളർ സംഭാവന നൽകാൻ തീരുമാനിച്ചതായും പറഞ്ഞിരിന്നു.
മാർച്ച് 15 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സാർക്ക് രാജ്യങ്ങളിലെ നേതാക്കളുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രി മോദി എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സ്വമേധയാ സംഭാവനകളെ അടിസ്ഥാനമാക്കി ഒരു കൊവിഡ് -19 എമർജൻസി ഫണ്ട് രൂപീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇന്ത്യ 10 മില്യൺ യുഎസ് ഡോളർ പ്രാരംഭ ഓഫറായി നൽകിയിരുന്നു.