ഷിംല: സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കപാതയായ അടൽ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍, ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി എം.എം.നരവനേ എന്നിവർ പങ്കെടുത്തു. ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിലായിരുന്നു ടണലിന്‍റെ ഉദ്ഘാടനം.
അതിര്‍ത്തിയിലെ വികസനത്തില്‍ അടല്‍ തുരങ്കം ശക്തി പകരുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. തുരങ്കപാതയുടെ ഗുണം ലഭിക്കുക സാധാരണക്കാര്‍ക്കും സൈന്യത്തിനുമാണ്. വികസനത്തിനൊപ്പം ദേശ സുരക്ഷയും മുഖ്യമാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ് അടൽ ടണൽ. സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിൽ നിര്‍മ്മിച്ച 9.02 കിലോമീറ്റർ നീളമുള്ള തുരങ്കം വർഷം മുഴുവൻ മനാലിയെ ലാഹോൾ- സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കും. കനത്ത മഞ്ഞുവീഴ്ച കാരണം എല്ലാ വർഷവും ആറുമാസത്തോളം താഴ്‌വര ഒഴിഞ്ഞു കിടക്കാറാണ് പതിവ്. 10 വര്‍ഷമെടുത്താണ് തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കിയത്.