ന്യൂഡല്‍ഹി: ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മാണോദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12 മണിക്ക് നിര്‍വഹിക്കും. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോ റെയില്‍ പദ്ധതി ആഗ്രയിലെ ജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഗുണകരമായിരിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
29.4 കിലോമീറ്റര്‍ നീളത്തില്‍ രണ്ടുവരി പാതയില്‍ നിര്‍മിക്കുന്ന മെട്രോ റെയില്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. 8,379.62 കോടി രൂപയാണ് നിര്‍മാണ ചെലവ്. റെയില്‍വെ സ്റ്റേഷനുകള്‍ ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ താജ് മഹല്‍, ആഗ്ര ഫോര്‍ട്ട്, സിക്കന്ദ്ര എന്നിവിടങ്ങളുമായി മെട്രോ റെയില്‍ ബന്ധിക്കുന്നുണ്ട്.