ന്യൂഡൽഹി: വിദ്യാർഥികളിലേക്ക് “നവയുഗ പഠന”ത്തിന് അഞ്ച് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിയാത്മകമായ വിദ്യാഭ്യാസം വിദ്യാർഥികളെയും അവരുടെ ചുറ്റുപാടുകളെയും സ്വാധീനിക്കുമെന്നും ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) -2020 ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയപ്രകാരം 21-ാം നൂറ്റാണ്ടിൽ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള രണ്ട് ദിവസത്തെ കോൺക്ലേവിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, മന്ത്രി സഞ്ജയ് ധോത്രെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
രാജ്യത്തെ ഓരോ പ്രദേശത്തിനും ചില പ്രത്യേകതകൾ ഉണ്ട്. ചില പരമ്പരാഗത കലകൾ, അറിവുകൾ, കാര്യക്രമങ്ങൾ എന്നിവയിൽ ആ പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് എങ്ങനെ ഉപകാരപ്പെടുമെന്ന് പഠിച്ച് അത് വളർത്തിയെടുക്കണം. ഇത്തരം പ്രാദേശിക അറിവുകളോട് ജനങ്ങൾക്ക് വൈകാരികമായ ബന്ധമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സിലബസ് കുറയ്ക്കാനും അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുന്ന തരത്തിലാണ് എൻഇപി തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാർഥികളിൽ "ഗണിതശാസ്ത്ര ചിന്തയും ശാസ്ത്രീയ സ്വഭാവവും" വളർത്തിയെടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എൻഇപി -2020 ഒരു നീണ്ട പ്രക്രിയയുടെ ആരംഭം മാത്രമാണെന്നും വരും ദിവസങ്ങളിൽ ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ അതിന്‍റെ വിജയം നിർണ്ണയിക്കപ്പെടുമെന്നും അദ്ദേഹം ആവർത്തിച്ചു.