ന്യൂഡല്‍ഹി: പുരാതന കാലം മുതൽക്കെയുള്ള ഇന്ത്യയുടെ ജ്യോതിശാസ്‌ത്ര വൈദഗ്‌ധ്യത്തെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയിൽ വസിക്കുകയാണെങ്കിലും നാം ബഹിരാകാശത്ത് സഞ്ചരിക്കുകയാണെന്ന് ഗ്രഹണം നമ്മെ ഓർമിപ്പിക്കുന്നു. വളരെ പുരാതനമായതും മഹത്വമേറിയതുമായ ചരിത്രമാണ് നമ്മുടെ ജ്യോതിശാസ്‌ത്രത്തിനുള്ളത്. ആകാശത്തിലെ നക്ഷത്രങ്ങളുമായുള്ള ഭാരതത്തിന്‍റെ ബന്ധം നമ്മുടെ നാഗരികത പോലെ പഴക്കമുള്ളതാണെന്നും മൻ കി ബാത്തില്‍ മോദി പറഞ്ഞു.
രാജ്യത്ത് പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന വിവിധ വാനനിരീക്ഷണ കേന്ദ്രങ്ങളെക്കുറിച്ചും (ജന്തര്‍-മന്തിര്‍) അദ്ദേഹം പ്രതിപാദിച്ചു. ഇത്തരം കേന്ദ്രങ്ങൾക്ക് ഇന്ത്യയുടെ ജ്യോതിശാസ്‌ത്രവുമായി വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്. മഹാനായ ആര്യഭട്ടനെക്കുറിച്ച് ആര്‍ക്കാണറിയാത്തതെന്നും മോദി ചോദിച്ചു. പൂനെ, ഊട്ടി എന്നിവിടങ്ങളിലെ ജ്യോതിശാസ്ത്ര കേന്ദ്രങ്ങളുടെ സംഭാവനകളെക്കുറിച്ച് പരാമര്‍ശിച്ച മോദി ഈ രംഗത്ത് രാജ്യം കൈക്കൊണ്ട മുന്നേറ്റത്തെ അഭിനന്ദിക്കുകയും ചെയ്‌തു. ഡിസംബർ ഇരുപത്തിയാറിന് സംഭവിച്ച സൂര്യഗ്രഹണത്തെക്കുറിച്ചും മൻ കി ബാത്തിൽ അദ്ദേഹം സംസാരിച്ചു.