ജയ്‌പൂര്‍: ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിയമനത്തില്‍ വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന തസ്തിക സൃഷ്ടിക്കുന്നതിനെ കുറിച്ച് 20 വർഷങ്ങൾക്ക് മുൻപ് തന്നെ ആലോചന ഉണ്ടായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് അക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനമുണ്ടായത്. ഒട്ടും സമയം പാഴാക്കാതെയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് നിയമനത്തില്‍ നരേന്ദ്ര മോദി തീരുമാനം എടുത്തതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ജയ്‌പൂരില്‍ സായുധ സേന വെറ്ററന്‍സ് ഡേയോടനുമന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഫന്‍സ് സ്റ്റാഫ് മേധാവി ജനറല്‍ ബിബിന്‍ റാവത്തും പരിപാടിയില്‍ പങ്കെടുത്തു. നമ്മുടെ വിമുക്തഭടന്മാരുടെ സേവനത്തെ ഒരിക്കലും മറക്കാന്‍ പാടില്ലെന്നും അവരുടെ സേവനം അതുല്യമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി അധികാരമേറ്റശേഷം റാവത്ത് പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. സാമ്പത്തിക അടിസ്ഥാനത്തില്‍ ഇന്ത്യയെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.